KERALA
കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം ചേർന്നു; യുവാക്കളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും തീരുമാനം

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുളള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗം കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേർന്നു. ജനവികാരം അറിഞ്ഞുളള മാനിഫെസ്‌റ്റോയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് സമിതി അദ്ധ്യക്ഷൻ ഉമ്മൻചാണ്ടി യോഗശേഷമുളള വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ജനവികാരമറിയാൻ യുഡിഎഫ് മാനിഫെസ്‌റ്റോ കമ്മിറ്റി സംസ്ഥാനത്ത് പലയിടങ്ങളിലായി യോഗം ചേരും
മേൽനോട്ട സമിതി അംഗമായ ശശി തരൂർ നാല് ദിവസം സമൂഹത്തിലെ വിവിധ തലങ്ങളിൽപെട്ടവർ, ചെറുപ്പക്കാർ, വിദ്യാർത്ഥികൾ എന്നിവരുമായി സംസാരിച്ച് അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ചതായി ഉമ്മൻചാണ്ടി അറിയിച്ചു. അഞ്ച് ജില്ലകളിലെ ജനങ്ങളുമായും ശശി തരൂർ പ്രത്യേക ചർച്ച നടത്തും. തിരുവനന്തപുരം,കോഴിക്കോട്, എറണാകുളം,മലപ്പുറം, പാലക്കാട് എന്നീ ജില്ലകളാണവ.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ജനുവരി 31ന് ആരംഭിക്കും. യാത്ര വിജയകരമാക്കാൻ അതാത് ജില്ലകളിലെ എം.പിമാർക്ക് ചുമതല നൽകി. ഇതോടൊപ്പം കോട്ടയത്ത് യാത്രയുടെ ചുമതല വഹിക്കുക ഉമ്മൻചാണ്ടിയാകും. മലപ്പുറം ജില്ലയിൽ ടി.സിദ്ധിക്ക്, വയനാട്-ആലപ്പുഴ ജില്ലകളിൽ കെ.സി വേണുഗോപാൽ എന്നിവർക്കും ഐശ്വര്യകേരള യാത്രയുടെ ചുമതലയുണ്ടാകും.അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫ് പരസ്യചർച്ചയ്‌ക്കില്ലെന്ന് മുന്നണി ചെയർമാൻ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സീറ്റ് വിഭജനം സംബന്ധിച്ച് അനൗദ്യോഗിക ചർച്ച വിവിധ പാർട്ടികളുമായി ആരംഭിച്ചു. ഐശ്വര്യകേരള യാത്ര ഉദ്ഘാടനം ചെയ്യുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്നും ചെന്നിത്തല അറിയിച്ചു.കെ.വി തോമസ് കോൺഗ്രസിൽ തന്നെയുണ്ടാകും. അദ്ദേഹം കോൺഗ്രസിലെ സമ്മുന്നതനായ നേതാവാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. വ്യത്യസ്‌തമായ അഭിപ്രായമുളളവരെ പാർട്ടി തളളിക്കളയില്ലെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ജില്ലാതല കമ്മിറ്റികൾ ഉണ്ടാക്കാൻ തീരുമാനിച്ചു.സമിതി അംഗങ്ങളായ വി.എം സുധീരൻ ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിലായതിനാൽ യോഗത്തിനെത്തിയില്ല കെ.മുരളീധരൻ മണ്ഡലത്തിലെ റെയിൽവേ മേൽപ്പാല ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിനാൽ എത്തിയില്ലെന്നും. മറ്റ് ആറുപേരും എ.ഐ.സി.സി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.