KERALA
രജിസ്ട്രേഷന്‍റെ ഭാഗമായി പുതിയ വാഹനങ്ങൾക്ക് ഉള്ള പരിശോധന ഒഴിവാക്കുന്നു

തിരുവനന്തപുരം: രജിസ്ട്രേഷന്‍റെ ഭാഗമായി പുതിയ വാഹനങ്ങൾക്ക് ഉള്ള പരിശോധന ഒഴിവാക്കും. ഓൺലൈൻ സംവിധാനത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം. ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. നേരത്തെ പുതിയ വാഹനങ്ങൾ രജിസ്ട്രേഷന് മുൻപായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.എൻജിൻ, ഷാസി നമ്പറുകൾ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാൽ വാഹൻ രജിസ്ട്രേഷൻ സംവിധാനത്തിലേക്കു വന്നപ്പോൾ ഇത്തരം പരിശോധന അനാവശ്യമാണെന്ന വിലയിരുത്തലിലേക്ക് എത്തി. വാഹനത്തിന്‍റെ വിവരങ്ങൾ മുമ്പ് ഷോറൂമുകളിൽ നിന്നായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത്.എന്നാൽ വാഹൻ സോഫ്റ്റ്‌വെയറിൽ വാഹന നിർമാതാക്കളാണ് വിവരങ്ങൾ നൽകുന്നത്. പ്ലാന്‍റിൽ നിന്നു വാഹനം പുറത്തിറക്കുമ്പോൾ തന്നെ എൻജിൻ, ഷാസി നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വാഹൻ പോർട്ടലിൽ എത്തിയിരിക്കും. വാഹനം വാങ്ങുന്നയാളിന്‍റെ പേരും വിലാസവും രേഖപ്പെടുത്താൻ മാത്രമാണ് ഡീലർഷിപ്പുകൾക്ക് അനുമതിയുള്ളത്