Entertainment
രാജ്യാന്തര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പിന് നാളെ കൊടിയേറ്റം

തലശേരി: 25 മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് നാളെ കൊടിയേറ്റം. തലശ്ശേരിയിലെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 1500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ ലിബർട്ടി പാരഡൈസ് കോംപ്ലക്സ് ഉൾപ്പടെ വേദികൾ ഒരുങ്ങി കഴിഞ്ഞു. നഗരത്തിലെ വിവിധ തിയേറ്ററുകളിലായി 1199 സീറ്റുകള്‍ സജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ അണുനശീകരണം പൂർത്തിയായിട്ടുണ്ട് . ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് റിസർവേഷൻ ആരംഭിക്കും. റിസർവേഷൻ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പർ എസ്.എം.എസ് ആയി പ്രതിനിധികൾക്ക് ലഭിക്കും. തെർമൽ സ്‌കാനിംഗ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
മുപ്പതിൽ പരം രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങൾ മാറ്റുരക്കും . ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി , ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മലയാള ചിത്രങ്ങൾ .ലിബർട്ടി കോംപ്ലെക്സിലെ 5 സ്‌ക്രീനുകളിലും ലിബർട്ടി മൂവീ ഹൗസിലുമായിട്ടാണ് മേളയിലെ സിനിമകൾ പ്രദർശിപ്പിക്കുന്നത്.