KERALA
വോട്ടർ പട്ടികയിൽ വീണ്ടും ക്രമക്കേട് ആരോപിച്ച് ചെന്നിത്തല

കാസർകോട്: സർവേകൾക്ക് എതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജനവികാരത്തെ അട്ടിമറിക്കാനാണ് സർവേകളിലൂടെ ശ്രമം നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ കരിവാരി തേയ്‌ക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ പ്രധാന മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുകയാണ്. സ്ഥാനാർത്ഥിയും പ്രകടനപത്രികയും വരും മുമ്പേയാണ് പല സർവേകളും നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, വോട്ടർപട്ടികയിൽ വീണ്ടും ക്രമേക്കട് ആരോപിക്കുകയാണ് പ്രതിപക്ഷ നേതാവ്. നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുളള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തു നൽകി. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റ് പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടർമാരെ സൃഷ്‌ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് പുതിയ തരത്തിലുളള ക്രമക്കേട് കണ്ടെത്തിയതെന്ന് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ പറയുന്നു.
വോട്ടർ പട്ടികയിൽ ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവർത്തിച്ച് വ്യാജ വോട്ടുകൾ സൃഷ്‌ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ ചെന്നിത്തല പരാതി നൽകിയിരുന്നത്. ഇതിൽ കഴമ്പുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്.