Entertainment
മുകേഷ് എംഎല്‍എ ശകാരിച്ചതില്‍ വിഷമമില്ലെന്ന് പത്താംക്ലാസുകാരന്‍

പാലക്കാട്: മുകേഷിനെ ആറ് തവണ ഫോണില്‍ വിളിച്ചതായി ഒറ്റപ്പാലത്തെ പത്താം ക്ലാസ് വിദ്യാര്‍ഥി. സ്‌കൂളിലെ ഒരു കൂട്ടുകാരന് ഫോണ്‍ ലഭിക്കുന്നതിനായാണ് വിളിച്ചത്. സിനിമാ നടനായതുകൊണ്ട് കൂടിയാണ് കോള്‍ റെക്കോര്‍ഡ് ചെയ്തത്. എംഎല്‍എ ശകാരിച്ചതില്‍ വിഷമമില്ലെന്നും പത്താംക്ലാസുകാരന്‍.മാധ്യമങ്ങളോട് പറഞ്ഞു.
എം.എല്‍.എ കുട്ടിയോട് കയര്‍ത്തു സംസാരിക്കുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. മുകേഷിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പരാതി നല്‍കുമെന്നും മുകേഷും വ്യക്തമാക്കി. പിന്നാലെയാണ് കുട്ടി പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്. പ്രാദേശിക സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുട്ടിയുടെ പ്രതികരണം.
കുട്ടിയുടെ വാക്കുകള്‍…ഞാന്‍ മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞു. ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായെന്ന് പറഞ്ഞു. പിന്ന മുകേഷേട്ടന്‍ തിരിച്ച് വിളിക്കുകയായിരുന്നു. ഞാന്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത്് ഒരു സിനിമാ നടനെ വിളിക്കുകയാണല്ലോ എന്ന് കരുതിയാണ്. കൂടാതെ പറഞ്ഞ കാര്യം നടക്കുമെന്ന് കരുതി.സ്‌കൂളിലെ ഫോണ്‍ ഇല്ലാത്ത കുട്ടിക്ക് ഫോണ്‍ ലഭിക്കാന്‍ വേണ്ടിയാണ് വിളിച്ചത്. സിനിമാ നടന്‍ കൂടി ആയതിനാല്‍ സഹായിക്കുമെന്ന് കരുതി. മുകേഷേട്ടന്‍ അങ്ങനെ പറഞ്ഞതില്‍ എനിക്കൊരു കുഴപ്പവുമില്ല. ആറ് തവണ വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. സാറ് എല്ലാവര്‍ക്കും ഫോണ്‍ കൊടുക്കുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതുകൊണ്ടു ഫോണ്‍ ലഭിക്കുമെന്ന് കരുതി. അങ്ങനെയാണ് വിളിച്ചത്.ആറ് തവണ തുടര്‍ച്ചയായി ഫോണ്‍ വിളിച്ചാല്‍ ഏതൊരാള്‍ക്കും ദേഷ്യം വരുമല്ലോ. അതുകൊണ്ടാവും അങ്ങനെ പറഞ്ഞത്. കുട്ടുകാരന് കേള്‍ക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് റെക്കോര്‍ഡ് ചെയ്തത്. അത് അവന് അയച്ചുകൊടുത്തു. അവന്‍ അവന്റെ അടുത്ത രണ്ട് പേര്‍ക്ക് കൂടി അയച്ചുകൊടുത്തു. പിന്നെ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.