Connect with us

Crime

സികെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എത്തിച്ചതായി ക്രൈംബ്രാഞ്ച് സംഘത്തിന് തെളിവുകൾ ലഭിച്ചു

Published

on

സുൽത്താൻ ബത്തേരി: വയനാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സികെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എത്തിച്ചതായി വിവരം. തെരഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് തെളിവുകൾ ലഭിച്ചുവെന്നാണു പുറത്തുവരുന്ന സൂചന. തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ ആരോപണവിധേയനായ ബിജെപി ജില്ലാ നേതാവ് അയച്ച ഇമെയിൽ സന്ദേശങ്ങളിൽനിന്നാണ് വിവരം കിട്ടിയതെന്നാണറിയുന്നത്.

തെരഞ്ഞെടുപ്പിന്റെ വരവുചെലവ് കണക്കുകളെക്കുറിച്ച് മുതിർന്ന നേതാക്കൾക്കയച്ച ബിജെപി നേതാവിന്റെ ഇമെയിൽ സന്ദേശത്തിലാണ് മൂന്നരക്കോടി ലഭിച്ചതായി സൂചിപ്പിച്ചിട്ടുള്ളത്. ഇതിൽ 1.50 കോടി ചെലവഴിച്ചെന്നാണു പറയുന്നത്. ബാക്കി തുകയെക്കുറിച്ച് വ്യക്തതയില്ല. ഈ നേതാവ് വ്യക്തിപരമായി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതേസമയം, മൂന്നരക്കോടി എത്തിയ വിവരം പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. പോഷക സംഘടനകളിലും സംഘപരിവാർ സംഘടനകളിലുമെല്ലാം കൂട്ടത്തോടെ രാജി നടക്കുകയാണ്. ചെലവഴിച്ചതായി പറയുന്ന തുകയുടെ പകുതിപോലും പ്രചാരണത്തിനു വിനിയോഗിച്ചിട്ടില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്.

ബൂത്ത്, പഞ്ചായത്ത് കമ്മിറ്റികൾക്ക് കാര്യമായ ഫണ്ട് നൽകിയിരുന്നില്ല. അതിനാൽ പ്രചാരണം നിർജീവമായിരുന്നു. കഴിഞ്ഞതവണ സികെ ജാനുവിനു ലഭിച്ചതിനെക്കാൾ 12,722 വോട്ടുകൾ ഇത്തവണ കുറഞ്ഞു. ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കോഴ നൽകിയെന്ന കേസിൽ ക്രൈംബ്രാഞ്ച് വയനാട് ഡിവൈഎസ്പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ കഴിഞ്ഞദിവസം വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു.

Continue Reading