KERALA
പി.കെ. നവാസിനെ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യും

മലപ്പുറം :ഹരിത നേതാക്കളെ എം.എസ്.എഫ് ഭാരവാഹികൾ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ എം.എസ്.എസ്. നേതാക്കൾക്കെതിരെയും മുസ്ലിം ലീഗ് നടപടിയെടുത്തേക്കും. ആരോപണ വിധേയനായ പി.കെ. നവാസിനെ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും സൂചന.
അതേ സമയം, ആരോപണ വിധേയരായ എം.എസ്.എഫ്. നേതാക്കൾ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ഹരിത. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ എം.എസ്.എഫ്. നേതാക്കളെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ‘ഹരിത’ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന് 10 മണിക്കുള്ളിൽ നിലപാട് അറിയിക്കാൻ എം.എസ്.എഫ്.ന് മുസ്ലിം ലീഗ് നേതൃത്വം സമയം നൽകി. എം.എസ്.എഫ്. – ഹരിത വിവാദത്തിൽ ഇരുവിഭാഗവുമായി ലീഗ് നേതൃത്വം ചർച്ച നടത്തി.
ഹരിത നേതാക്കളെ എം.എസ്.എഫ് ഭാരവാഹികൾ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്ലിം ലീഗ് ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കൂടിക്കാഴ്ച നടത്തി. മലപ്പുറം ലീഗ് ഹൗസിലാണ് ചർച്ച നടത്തിയത് . ഇന്നലെ വൈകുന്നേരം തുടങ്ങിയ ചർച്ച രാത്രി വൈകിയും തുടർന്നു. രാത്രി 12 മണിയോടെയാണ് ചർച്ച അവസാനിച്ചത്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ. മുനീർ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, എന്നിവരാണ് ഇരു വിഭാഗവുമായി സംസാരിച്ചത്.