Connect with us

KERALA

പരസ്യ പ്രതികരണങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത നടപടിക്കൊരുങ്ങുന്നു

Published

on

ന്യൂഡൽഹി: ഡി.സി.സി. അധ്യക്ഷൻമാരുടെ പട്ടിക പുറത്തുവന്നതിനു പിന്നാലെയുള്ള പരസ്യ പ്രതികരണങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത നടപടിക്കൊരുങ്ങുന്നു. ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയാണ് ഹൈക്കമാൻഡിനുള്ളത്.

ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്കെതിരെ പരസ്യ നിലപാടുകൾ സ്വീകരിച്ചവരുടെ പേരുകൾ ഉടൻ നൽകാൻ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനോട് ആവശ്യപ്പെട്ടതായി താരിഖ് അൻവർ പറഞ്ഞു. പരസ്യ പ്രസ്താവന പാടില്ലെന്ന് നേതൃത്വം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. നിലവിലെ പട്ടികയിൽ യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. പി.സി.സി. അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പൂർണ പ്രവർത്തന സ്വാതന്ത്ര്യം ഹൈക്കമാൻഡ് നൽകി എന്ന സൂചനയാണ് പുറത്തുവരുന്നത്. അവർ കടുത്ത നിലപാട് പിന്തുടരുന്നതിൽ തെറ്റില്ല എന്ന വിധത്തിലാണിത്.നിലവിലെ ഡി.സി.സി. അധ്യക്ഷ പട്ടികയിൽ മാറ്റം വരുത്തില്ല. പരസ്യ പ്രതികരണം നടത്തിയവർക്കെതിരെ കർക്കശമായ നിലപാട് സ്വീകരിക്കുമെന്ന സൂചനയാണ് താരിഖ് അൻവർ നൽകുന്നത്. പരസ്യ പ്രതികരണം നടത്തിയ മുതിർന്ന നേതാക്കൾ ഒഴികെയുള്ളവരുടെ പേരുകൾ അറിയിക്കാനാണ് പി.സി.സി. അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും പരാതികൾക്ക് പ്രാമുഖ്യം കണക്കാക്കുന്നില്ലെന്നാണ് കേന്ദ്രത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. കാരണം കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ഇവർ നടത്തിയിരുന്നതും ഇത്തരത്തിൽ ആരുമായും കൂടിയാലോചിക്കാതെ കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയായിരുന്നു എന്നാണ് ഈ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ കാലങ്ങളായി കേരളത്തിലെ കോൺഗ്രസിൽ തുടരുന്ന ഗ്രൂപ്പ് കളിക്ക് അവസാനമാവുകയാണ്. പാർട്ടിയെ സെമി കേഡർ സ്റ്റെയിലിലേക്ക് കൊണ്ട് പോകാനാണ് സുധാകരന്റെ നീക്കം.

Continue Reading