NATIONAL
ബംഗാളില്‍ സിപിഎം- കോണ്‍ഗ്രസ് ബന്ധം ഉലയുന്നു. മമതക്കെതിരെ മല്‍സരിക്കേണ്ടെന്ന കോണ്‍ഗ്രസ് നിര്‍ദേശം ഇടതുമുന്നണി തള്ളി

കൊൽക്കൊത്ത :പശ്ചിമ ബംഗാളില്‍ സിപിഎം- കോണ്‍ഗ്രസ് ബന്ധം ഉലയുന്നു. ഭവാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മല്‍സരിക്കേണ്ടെന്ന കോണ്‍ഗ്രസ് നിര്‍ദേശം ഇടതുമുന്നണി തള്ളി. ഭവാനിപൂരില്‍ മമതയ്‌ക്കെതിരെ പാര്‍ട്ടി മല്‍സരിക്കുമെന്ന് സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.
ഭവാനിപൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മല്‍സരിക്കും. സിപിഎം സ്ഥാനാര്‍ത്ഥിയാണോ, പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയാണോ എന്ന വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഭവാനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി മല്‍സരം എന്ന നിലയിലേക്ക് ചുരുക്കാന്‍ എല്‍ഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്നും സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.
ഈ മാസം 30 നാണ് ഭവാനിപൂര്‍ അടക്കം ബംഗാളിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഭവാനിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ദേശീയതലത്തില്‍ ബിജെപിക്കെതിരെ കൈകോര്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നേരിട്ടൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമത ബാനര്‍ജിക്ക് നവംബറിനകം നിയമസഭയില്‍ എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ ഭവാനിപൂരില്‍ ജയിച്ച തൃണമൂല്‍ എംഎല്‍എ ശോഭന്‍ദേബ് ചക്രബര്‍ത്തിയെ രാജിവെപ്പിച്ചാണ് മമത നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. മുമ്പ് രണ്ടു തവണ മമത ഭവാനിപൂരില്‍ നിന്നും വിജയിച്ചിട്ടുണ്ട്.
ഭവാനിപൂരില്‍ മമതയുടെ പ്രചാരണത്തിനും ഇന്ന് തുടക്കമാകും. മമതക്കെതിരെ മല്‍സരിക്കാന്‍ ആറു നേതാക്കളെയാണ് ബിജെപി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. ഇത് ദേശീയ നേതൃത്വത്തിന്റെ പരിഗണനയ്ക്കായി അയച്ചു നല്‍കിയിട്ടുണ്ട്. ഭവാനിപൂരില്‍ മല്‍സരിക്കാനില്ലെന്ന് നന്ദിഗ്രാമില്‍ മമതയെ തോല്‍പ്പിച്ച സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. ഭവാനിപൂരിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ജംഗിപ്പൂരില്‍ ജക്കീര്‍ ഹുസൈനും, സംസേര്‍ ഗഞ്ചില്‍ അമീറുള്‍ ഇസ്ലാമും സ്ഥാനാര്‍ത്ഥികളാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.