Connect with us

KERALA

സര്‍ക്കാര്‍ കൊടി സുനിയെ പോലെയുള്ളവര്‍ക്ക് വേണ്ടി ജയില്‍ സുഖവാസ കേന്ദ്രമാക്കുന്നു കെ സുധാകരൻ

Published

on

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടി സുനിയെ പോലെയുള്ളവര്‍ക്ക് വേണ്ടി ജയില്‍ സുഖവാസ കേന്ദ്രമാക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എല്ലാത്തിനും സൗകര്യമൊരുക്കുന്ന സര്‍ക്കാരിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ല. ജയിലിലെ ”സൂപ്രണ്ട്” കൊടി സുനി തന്നെയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
ജയിലില്‍ കയറിയ കാലം മുതല്‍ കൊടിസുനിക്ക് സുഖവാസം ആണെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. ഈ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണം. വിവാദം അന്വേഷിക്കുമെന്നോ പരിശോധിക്കുമെന്നോ പറയാനുള്ള പ്രാഥമിക മര്യാദ പോലും ഇതുവരെ മുഖ്യമന്ത്രി കാണിച്ചിട്ടില്ല. അത്തരമൊരു മുഖ്യമന്ത്രിക്ക് മുന്നില്‍ വിലപിച്ചിട്ട് കാര്യമില്ല. ഇതില്‍ ജനരോക്ഷം ആളിക്കത്തണം. മുഖ്യമന്ത്രിയുടെ കണ്ണുതുറപ്പിക്കുന്ന രീതിയില്‍ സമൂഹത്തിന്റെ പ്രതിഷേധം ഉയരണമെന്നും കെ സുധാകരന്‍ പറഞ്ഞു.
പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മതസ്പര്‍ദ വര്‍ധിക്കുകയാണ്. അതിന്റെ ഗൗരവം മുഖ്യമന്ത്രിക്ക് മനസ്സിലാവുന്നില്ലേ? കാര്യങ്ങള്‍ കൈവിട്ടുപോവുന്നതിന് മുന്‍പ് അതിനുള്ള നടപടികള്‍ സ്വീകരിക്കുകയല്ലേ വേണ്ടത്. പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ?
ആര് എന്ത് പറഞ്ഞുവെന്നതില്‍ അല്ല, അതിന്റെ ആത്യന്തരഫലം എന്താണെന്നതാണ് മുഖ്യം. ഈ ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ഥാനത്ത് മറ്റേത് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ മതസൗഹാര്‍ദ സമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ സംസാരിച്ച് മതസൗഹാര്‍ദം സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് പിരിച്ചുവിടുമായിരുന്നു. എന്നാല്‍ ഇവിടെ നടക്കുന്നതെന്നും ഈ സര്‍ക്കാരിലേക്ക് എത്തുന്നില്ല. ഇതിനോട് കേരളത്തിലെ ജനങ്ങള്‍ സഹതപിക്കുക എന്നത് മാത്രമേ നിവൃത്തിയുള്ളൂവെന്നും കെ സുധാകരന്‍ പറഞ്ഞു.

Continue Reading