KERALA
കെട്ടിച്ചമച്ച കഥയുമായി തന്നെ വേട്ടയാടുകയാണെന്ന് കെ.സുധാകരൻ

കണ്ണൂർ: മോൻസണുമായി ബന്ധമുണ്ടെന്നും എന്നാൽ കെട്ടിച്ചമച്ച കഥയുമായി തന്നെ വേട്ടയാടുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. പുരാവസ്‌തു ഗവേഷകനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് കണ്ണൂരിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്നെ കുടുക്കാൻ ചില കറുത്തശക്തികൾ ശ്രമിക്കുന്നു. ആരോപണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും ഓഫീസുമാണ്. മോൻസണുമായി പരിചയമുണ്ട്. അയാളുടെ വീട്ടിൽ പോയിട്ടുണ്ട്. എത്ര തവണ മോൻസന്റെ വീട്ടിൽ പോയെന്ന് എണ്ണിനോക്കിയിട്ടില്ല. കെ.സുധാകരൻ പറഞ്ഞു. പരിചയം ഡോക്‌ടർ എന്ന നിലയിലാണെന്നും വ്യാജനാണോ എന്ന് അറിയില്ലെന്നും സുധാകരൻ അറിയിച്ചു.
മോൻസന്റെ വീട്ടിൽ പോയത് ചികിത്സയ്‌ക്കാണ് പണമിടപാടിനല്ലെന്നും ആരോപണങ്ങളെ തളളിക്കൊണ്ട് കെ.സുധാകരൻ അഭിപ്രായപ്പെട്ടു. പണമിടപാടിന് ഇടനിലനിന്നെന്ന ആരോപണം സുധാകരൻ തളളി. പരാതിക്കാരൻ കളളം പറയുകയാണ്. പരാതി താൻ നിയമപരമായി നേരിടും. പൊലീസും സർക്കാരും കോടതിയുമുളള നാട്ടിലല്ലേ മോൻസൺ ഇതുവരെയുണ്ടായിരുന്നതെന്നും സുധാകരൻ ചോദിച്ചു.
കെപിസിസി പ്രസിഡന്റായ ശേഷവും മോൻസൺ തന്നെ വന്ന് കണ്ടിരുന്നു. പരാതിയിൽ പറയുന്നതുപോലെ താൻ 2018ൽ എം.പിയല്ല. ഒരു കമ്മിറ്റിയിലും അംഗവുമല്ല. ആരോപണത്തിൽ പറയുന്ന തീയതിയിൽ താൻ എം.ഐ ഷാനവാസിന്റെ കബറടക്കത്തിലാണ് പങ്കെടുത്തതെന്നും കെട്ടിച്ചമച്ച കഥകൾ കൊണ്ട് തന്നെ വേട്ടയാടുകയാണെന്നും സുധാകരൻ പറഞ്ഞു.തനിക്കെതിരെയുണ്ടാക്കിയ കള്ള പ്രചരണങ്ങളെ നേരിടാൻ ഏതറ്റം വരെ പോകുമെന്നും ഇത് വെളളരിക്കാപട്ടണമല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.