KERALA
ചെറിയാന്‍ ഫിലിപ്പ് നാളെ കോൺഗ്രസിൽ തിരിച്ചെത്തും

തിരുവനന്തപുരം: സിപിഎമ്മുമായി അകന്നുനില്‍ക്കുന്ന ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് തിരിച്ച് കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ 11 മണിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലേക്ക് തിരിച്ചുപോക്കിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ്, കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടിരുന്നു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തമേറ്റ ഉമ്മന്‍ചാണ്ടി, ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നുവെന്നും പറഞ്ഞു. ഇപ്പോഴും തന്റെ രക്ഷകര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു ഇതുസംബന്ധിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. മുസ്ലിംലീഗ് നേതാവായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്.