KERALA
മുല്ലപ്പെരിയാർ വീണ്ടും തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 140 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
ഇന്നലെ മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 140 അടി കവിഞ്ഞതോട് കൂടിയാണ് തമിഴ്നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നൽകിയത്. നവംബർ 20 വരെയുള്ള കണക്കുകൾ പ്രകാരം അപ്പർ റൂൾ പ്രകാരം പരമാവധി 141 അടി ജലം സംഭരിക്കാൻ സാധിക്കും. എന്നാൽ ശക്തമായ മഴ തുടരുകയാണെങ്കിൽ പെട്ടെന്ന് തന്നെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.76 അടിയായി ഉയർന്നു.