Connect with us

KERALA

ഗവര്‍ണറെക്കണ്ട് അനുരഞ്ജനത്തിന്റെ വഴിതുറക്കാന്‍ സര്‍ക്കാര്‍

Published

on

തിരുവനന്തപുരം: സര്‍വകലാശാലാ കാര്യങ്ങളില്‍ സര്‍ക്കാര്‍ രാഷ്ട്രീയഇടപെടലുകള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന നിലപാട് ഗവര്‍ണര്‍ കര്‍ക്കശമാക്കിയതോടെ തിരുത്തല്‍ നടപടികളെക്കുറിച്ച് ആലോചന തുടങ്ങി. ഗവര്‍ണര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഓരോന്നിനും പരിഹാരനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ഡല്‍ഹിയിലുള്ള ഗവര്‍ണറെക്കണ്ട് അനുരഞ്ജനത്തിന്റെ വഴിതുറക്കാന്‍ അവിടെ സര്‍ക്കാര്‍കാര്യങ്ങള്‍ നോക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. അദ്ദേഹം ഗവര്‍ണറുമായി ബന്ധപ്പെട്ടുവരുന്നു. പതിനേഴിനേ ഗവര്‍ണര്‍ തിരിച്ചെത്തൂ. സര്‍വകലാശാലാ കാര്യങ്ങളില്‍ രാഷ്ട്രീയഇടപെടലുകള്‍ ഒഴിവാക്കാതെ ചാന്‍സലര്‍ പദവി വഹിക്കാനാകില്ലെന്ന് ശനിയാഴ്ച ഡല്‍ഹിയിലെത്തിയ ഗവര്‍ണര്‍ ആവര്‍ത്തിച്ചു. അല്ലാത്തപക്ഷം മുഖ്യമന്ത്രിതന്നെ ചാന്‍സലര്‍ പദവി ഏറ്റെടുത്തോളൂ എന്ന നിലപാടും മാറിയില്ല.
ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരും സി.പി.എമ്മും. വിമര്‍ശനങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാന്‍ നേതൃത്വം തയ്യാറല്ല. പകരം ഗവര്‍ണര്‍ക്ക് അഭിപ്രായംപറയാനുള്ള അവകാശമുണ്ടെന്ന തരത്തില്‍ മറുപടി പറഞ്ഞ് പ്രകോപിപ്പിക്കാതിരിക്കാനാണ് ശ്രമം.
സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ആദ്യ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ പരിഹാരനിര്‍ദേശങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരുത്തി വീണ്ടും കത്ത് നല്‍കാനാണ് സാധ്യത. കൂടാതെ, ഉന്നത വിദ്യാഭ്യാസമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ശ്രമിച്ചേക്കും.
ജെ.എന്‍.യു.വിലെ പ്രൊഫസറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സി.പി.എം. അഖിലേന്ത്യാ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് ആദ്യ ടേം വി.സി.യായത്. അദ്ദേഹത്തിന് ഒരു ടേംകൂടി നല്‍കണമെന്ന നിര്‍ദേശമുയര്‍ന്നപ്പോള്‍ത്തന്നെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നു.

Continue Reading