KERALA
കടുവയെ പിടികൂടാനായി വനം വകുപ്പ് നടത്തുന്ന തെരച്ചിൽ ഊർജിതമാക്കി

വയനാട്: വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനായി വനം വകുപ്പ് നടത്തുന്ന തെരച്ചിൽ ഊർജിതമാക്കി .കഴിഞ്ഞ 20 ദിവസമായി കടുവ ഭീതിയിലാണ് ഈ മേഖല. 30 പേരടങ്ങുന്ന ആറ് സംഘങ്ങളായാണ് തെരച്ചിൽ നടത്തുന്നത്.
വനത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ പയ്യമ്പള്ളി പുതിയിടത്താണ് കടുവയെ ഇന്നലെ കണ്ടത്. കടുവയുടെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം കടുവയെ പിടികൂടാനാകാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
പയ്യമ്പള്ളി, കൊയ്‌ലേരി മേഖലകളിൽ കടുവയുണ്ടാകാമെന്നാണ് സംശയം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കൻമൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. മാനന്തവാടി നഗരസഭയിലെ 8 വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.