KERALA
പിണറായി സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ

തിരുവനന്തപുരം: പിണറായി സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി. കേരളത്തിൽ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉൾക്കൊള്ളുന്നതാണ് കേരളഭരണമെന്നും ശശി തരൂർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. നീതി ആയോഗിന്റെ ആരോഗ്യ സർവേയിൽ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ പ്രശംസ. അവസാന സ്ഥാനത്ത് എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തായിരുന്നു തരൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ആരോഗ്യസുരക്ഷ എന്താണെന്ന് യുപിയെ കണ്ട് കേരളം പഠിക്കണമെന്ന യോഗിയുടെ 2017 ലെ പരാമർശം തലക്കെട്ടാക്കിയ ബിസിനസ് സ്റ്റാൻഡേഡിന്റെ വാർത്തയും ട്വീറ്റിനൊപ്പം തരൂർ കൊടുത്തിട്ടുണ്ട്.
കേരളത്തിലെ ഭരണം യോഗി മാതൃകയാക്കണമെന്നും തരൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാതൃകയാക്കിയാൽ അതിന്റെ ഗുണം രാജ്യത്തിന് തന്നെയാണെന്നും അല്ലെങ്കിൽ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പക്കുത്തുകയാണ് ചെയ്യുകയെന്നും തരൂർ പോസ്റ്റിൽ വ്യക്തമാക്കി.
കെ-റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായ നിലപാടെടുത്ത തരൂരിനോട് പാർട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി തരൂർ രംഗത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. തൃപ്തികരമല്ല വിശദീകരണമെങ്കിൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്നും ശശി തരൂരിനോട് കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു.