Connect with us

NATIONAL

മോഡിക്ക് സഞ്ചരിക്കാനായി 24കോടിയുടെ രണ്ട് പുത്തന്‍ കാറുകൾ

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സഞ്ചരിക്കാനായി വമ്പന്‍ സുരക്ഷാ സജ്ജീകരണങ്ങളുമായി രണ്ട് പുത്തന്‍ കാറുകള്‍. മെഴ്‌സിഡസിന്റെ പുത്തന്‍ വാഹനമായ മെഴ്‌സിഡസ് – മെയ്ബാഷ് എസ് 650 ആണ് മോഡിയുടെ സഞ്ചാരത്തിനായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ റഷ്യന്‍ പ്രസിഡന്ര് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മോഡി എത്തിയത് പുതിയ കാറിലായിരുന്നു.

പ്രധാനമന്ത്രി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍ എന്നീ വാഹനങ്ങള്‍ക്ക് പകരമായാണ് മെഴ്‌സിഡസിന്റെ പുത്തന്‍ മോഡലുകള്‍ എത്തുന്നത്. വി ആര്‍1- ലെവല്‍ സുരക്ഷിതത്വമാണ് ഈ വാഹനം യാത്രക്കാര്‍ക്ക് നല്‍കുന്നത്. 12 കോടി രൂപയാണ് ഒരു മെഴ്‌സിഡസ് മെയ്ബാഷ് എസ് 650 കാറിന്റെ വില.ഇത്തരത്തിലുള്ള രണ്ട് കാറുകളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി വാങ്ങുന്നത്. മൊത്തം 24 കോടിയാണ് ചെലവ്. എകെ 47 തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ചില്ലുകളും രണ്ട് മീറ്റര്‍ ചുറ്റളവില്‍ 15 കിലോ ടി എന്‍ ടി സ്‌ഫോടനത്തെ വരെ പ്രതിരോധിക്കാന്‍ സാധിക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഈ കാറില്‍ ഒരുക്കിയിട്ടുള്ളത്.

ചില്ലുകളില്‍ പോളികാര്‍ബണേറ്റ് കൊണ്ടുള്ള കോട്ടിംഗും കൂടാതെ വാഹനത്തിന്റെ അടിവശത്ത് കനത്ത സ്‌ഫോടനത്തെ വരെ ചെറുക്കാന്‍ പാകത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാതകം ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകുന്നപക്ഷം യാത്രക്കാരെ സുരക്ഷിതരാക്കുന്നതിന് വേണ്ടി വാഹനത്തിനുള്ളില്‍ പ്രത്യേകമായി വായു സഞ്ചാരത്തിനുള്ള സംവിധാനങ്ങളും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.

ഏതെങ്കിലും സാഹചര്യത്തില്‍ ടയറുകള്‍ പഞ്ചറാകുകയോ മറ്റോ ചെയ്താലും പേടിക്കേണ്ടതില്ല. ടയറിന്റെ വായുമര്‍ദ്ദം കുറഞ്ഞാലും ഓടാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകം നിര്‍മ്മിച്ച ടയറുകളാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

Continue Reading