HEALTH
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവ്. താല്‍ക്കാലിക ആശുപത്രികൾ ഒരുക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി:ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യമാണിത്. രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഈ ഘട്ടത്തില്‍ കൊവിഡ് തരംഗമുണ്ടായാലും അതിനെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് അതത് സംസ്ഥാനങ്ങളും കേന്ദ്രവും. താല്‍ക്കാലിക ആശുപത്രികളും സേവനസജ്ജരായ പ്രത്യേക സംഘങ്ങളും തയ്യാറായിരിക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഡെല്‍റ്റ വകഭേദം സൃഷ്ടിച്ച കൊവിഡ് രണ്ടാം തരംഗസമയത്ത് ചികിത്സ കിട്ടാതെ നിരവധി പേര്‍ മരണത്തിന് കീഴടങ്ങുന്ന സാഹചര്യം ഇന്ത്യയിലുമുണ്ടായിരുന്നു. തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ദൃശ്യങ്ങള്‍ സഹിതം അന്ന് നിത്യേന വന്നിരുന്നു.
ആവശ്യത്തിന് ആശുപത്രി കിടക്കകള്‍ ഇല്ലാതിരുന്നതും, ഐസിയു കിടക്കകള്‍ ഇല്ലാതിരുന്നതും, ഓക്‌സിജന്‍ ലഭ്യമല്ലാതിരുന്നതുമെല്ലാം കനത്ത തിരിച്ചടിയാണ് അന്ന് നല്‍കിയത്. രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് കടക്കുകയായിരുന്നു.
ഇനിയും ഒരു തരംഗം കൂടിയുണ്ടായാല്‍ ആരോഗ്യമേഖല ഇത്തരത്തില്‍ തകര്‍ച്ചയിലേക്ക് നീങ്ങാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 22,775 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാസങ്ങളായി പതിനായിരത്തില്‍ താഴെയായിരുന്നു പ്രതിദിന കൊവിഡ് നിരക്ക്.
അടുത്ത ദിവസങ്ങളിലായി കാര്യമായ രീതിയിലാണ് ഇതില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഒമിക്രോണ്‍ കേസുകളും രാജ്യത്ത് കൂടിവരിക തന്നെയാണ്. ദില്ലി, മുംബൈ, കൊല്‍ക്കത്ത പോലുള്ള ഇടങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശങ്ങളെത്തിയിരിക്കുന്നത്.
രണ്ടാം തരംഗസമയത്ത് പ്രതിദിനം 4 ലക്ഷം കൊവിഡ് കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന സാഹചര്യമുണ്ടായിരുന്നു. പിന്നീട് പതിയെ കൊവിഡ് കേസുകള്‍ താഴുകയായിരുന്നു. മുമ്പുണ്ടായിരുന്ന വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗത്തില്‍ രോഗവ്യാപനം നടത്തുന്നു എന്നതായിരുന്നു ഡെല്‍റ്റ വകഭേദത്തിന്റെ പ്രത്യേകത. ഈ ഡെല്‍റ്റയെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിവുള്ള വകഭേദമാണ് ഒമിക്രോണ്‍. അതുകൊണ്ട് തന്നെയാണ് ഒമിക്രോണിന്റെ പശ്ചാത്തലത്തി്ല്‍ മൂന്നാം തരംഗത്തിനുള്ള സാധ്യത കല്‍പിക്കപ്പെടുന്നത്.