Connect with us

HEALTH

കോൺഗ്രസിന് ജനങ്ങൾ റീത്തുവെക്കും-വീണ ജോർജ്, വിരട്ടാൻ നോക്കണ്ടെന്ന് ശിവൻകുട്ടി

Published

on

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്റെ വീടിനുനേരെ നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന ആക്രമണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കോൺഗ്രസിന്റെ ഹീനമായ ആക്രമണമാണ് ഇതെന്നും അവർ ആരോപിച്ചു. ചികിത്സാ പിഴവിൽ സർക്കാർ ഉത്തരവാദിത്തത്തോടെ നടപടി കൈക്കൊള്ളുമെന്നും ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

‘എന്താണ് ഞാൻ ചെയ്ത തെറ്റ്? വിഷയത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തു. ചികിത്സാ പിഴവിൽ കുറ്റക്കാർ ആരായാലും സർക്കാർ ഉത്തരവാദിത്തത്തോടെ നടപടി കൈക്കൊള്ളും. ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. പിഴവില്ലാത്ത നടപടിയാണ് ആവശ്യം. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.’ വീണ പറഞ്ഞു.

‘പൊതുജനാരോഗ്യ രംഗം തകർച്ചയിലാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇത്. ആരോഗ്യമേഖലയിലെ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് വി.ഡി. സതീശന്റേത്. വിനാശകാലേ വിപരീതബുദ്ധി, എന്നേ ഈ പ്രവർത്തിയെ പറയാനുള്ളൂ. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും കേരളത്തിലെ ജനങ്ങൾ റീത്ത് വെക്കും. യുഡിഎഫ് സർക്കാർ തകർത്ത ആരോഗ്യമേഖലയിൽ ഒരു സിസ്റ്റം ഉണ്ടാക്കിയെടുത്തത് ഇടതുപക്ഷമാണ്.’ വീണാ ജോർജ് പറഞ്ഞു. 

ആരോഗ്യമന്ത്രിയുടെ വീടിന്റെ വാതിലിൽ റീത്തുവെച്ച യൂത്ത് കോൺഗ്രസിന്റെ പ്രവർത്തി അത്യന്തം ഗൗരവവും ഗുരുതരവുമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ‘ഇത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിഞ്ഞുകൊണ്ട് നടത്തിയ സമരമാണ്. ജനാധിപത്യ വിരുദ്ധമായ സമരമാർഗം സ്വീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും നോക്കേണ്ട, അങ്ങനെ പിന്നോട്ടുപോകുന്നവരല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിമാർ.’ അദ്ദേഹം പറഞ്ഞു.

‘ആരോഗ്യരംഗത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് ചർച്ച ചെയ്യാം. പക്ഷേ ഒരു കാര്യം മനസിലാക്കണം, കേന്ദ്ര സർക്കാർ പോലും അംഗീകരിക്കുന്ന നിലയിൽ, കേരളത്തിൽ സാമാന്യം മെച്ചപ്പെട്ട നിലയിലാണ് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. അതിനെയെല്ലാം തേച്ചുമാച്ച് കളഞ്ഞുകൊണ്ട് ഒരു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് സമരങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് നടത്തുന്നത്. അവർ ഈ ശ്രമം ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്.’ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

Continue Reading