KERALA
എൽഡിഎഫ് മേഖലാ ജാഥകൾ പൊതുസമൂഹത്തിൽ ചലനമുണ്ടാക്കിയില്ല : സി പി ഐ വിലയിരുത്തൽ
തിരുവനന്തപുരം : എൽഡിഎഫ് സംഘടിച്ച മേഖലാ ജാഥകൾ പൊതുസമൂഹത്തിൽ ഇളക്കമുണ്ടാക്കിയില്ലെന്നു സിപിഐയിൽ പൊതുവിലയിരുത്തൽ. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിക്കു ശേഷം എൽഡിഎഫ് പ്രവർത്തകരിൽ ഉണർവുണ്ടാക്കാൻ ജാഥകൾ സഹായിച്ചെന്നും പാർട്ടി സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങൾ അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള മുന്നണിയുടെ സംസ്ഥാനതല പരിപാടി എന്ന തരത്തിലുള്ള ശ്രദ്ധ ജാഥയ്ക്കു ലഭിച്ചില്ല. മാധ്യമങ്ങളും വേണ്ടവിധം ജാഥയെഗൗനിച്ചില്ല. പല സ്വീകരണ യോഗങ്ങളിലും ജാഥ വൈകിയാണ് എത്തിച്ചേർന്നത്. അതിനു ശേഷം ജാഥാ ക്യാപ്റ്റന്മാർ പ്രസംഗിച്ചതു വൈകിയുമാണ്. അപ്പോഴേക്കും പലയിടത്തും കസേരകൾ ഒഴിഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസംഗ സമയത്തു പോലും ഇതായിരുന്നു കേൾവിക്കാരില്ലാത അവസ്ഥയായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച ജാഥയിൽ സിപിഐയുടെ പ്രവർത്തകരുടെ മികച്ച പങ്കാളിത്തമുണ്ടായെങ്കിലും പൊതുശ്രദ്ധയിലേക്കു കാര്യമായി വന്നില്ല. എൽഡിഎഫിനു പുറത്തുള്ള വിഭാഗങ്ങൾ ജാഥകളെ ഗൗനിച്ചില്ലെന്നതു ഗൗരവത്തോടെ കാണണമെന്ന വികാരമാണ് യോഗത്തിൽ ഉണ്ടായത്.
കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ.മാണി നയിച്ച ജാഥയിൽ ക്യാപ്റ്റൻ എന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിച്ചെന്ന് ജാഥാംഗമായ പി.പി.സുനീർ റിപ്പോർട്ട് ചെയ്തു. കുറച്ചുസമയം മാത്രം പ്രസംഗിക്കുന്നതിലും മറ്റുള്ളവർക്കും അവസരം നൽകുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. മൂന്ന് മേഖലാ കഥകൾക്ക് പകരം സംസ്ഥാനതലത്തിൽ ഒരു ജാഥ മതിയായിരുന്നു എന്ന അഭിപ്രായവും യോഗത്തിലുയർന്നു.
