Connect with us

HEALTH

തൃശൂർ സ്വദേശിയുടെ മരണകാരണം ഷിഗെല്ലയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചില്ല; പരാതിയുമായി കുടുംബം

Published

on

തൃശൂർ: മാപ്രാണം സ്വദേശി ഷിഗെല്ല ബാധിച്ച് മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കൊടകര ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന 43കാരനാണ് മരിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായ ഇയാൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മരണകാരണം ഷിഗെല്ലയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചില്ലെന്നാണ് ബന്ധുക്കൾ പരാതിപ്പെടുന്നത്. മരണകാരണം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വയറുവേദനയുമായാണ് 43കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ ഇയാൾ മരണപ്പെട്ടതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്.
എന്നാൽ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. കൊടകര പഞ്ചായത്തിലെ മൂന്ന്, എട്ട് വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അറിയിച്ചു. രണ്ട് സ്ഥലങ്ങളിലെ ജലസ്രോതസുകളിൽ നിന്നടക്കം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയക്കും. മരണപ്പെട്ടയാൾ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പരിശോധിക്കുമെന്നും ഡിഎംഒ അറിയിച്ചു.

Continue Reading