KERALA
എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല; വിപരീത ഫലമുണ്ടാക്കി
കോഴിക്കോട് .: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടി ഉയർത്തിയ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കിയെന്ന് സമ്മതിച്ചിരിക്കുകയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്.
മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രാജീവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാളിച്ച ഏറ്റുപറഞ്ഞത്. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല എന്നുതന്നെയാണ് പാർട്ടി വിലയിരുത്തിയിട്ടുള്ളത്. അത് ആളുകൾക്കിടയിൽ മറ്റൊരു ബോധം രൂപപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിലയിരുത്തൽ, പി. രാജീവ് പറഞ്ഞു.
പുതിയ സമരമുറകൾ ആവശ്യമാണെന്നും രാജീവ് പറഞ്ഞു. ഇന്നലകളുടെ തനിയാവർത്തനങ്ങൾക്കൊണ്ട് ഇന്നത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. ഇന്നിനെ മനസ്സിലാക്കണം അതിന് പറ്റുന്ന രൂപങ്ങൾ ആവിഷ്‌കരിക്കണം. ഇന്നിന് പറ്റുന്ന പാർട്ടിയായി മാറണം. എങ്കിൽ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ കഴിയൂ, രാജീവ് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ട് എന്ന് നേരത്തെ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് ധാരണയുണ്ടാക്കേണ്ടതുണ്ട്. ശബരിമല വിഷയത്തിൽ, അപ്പോൾത്തന്നെ പാർട്ടി നടപടിയെടുക്കേണ്ടതായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങളല്ല നോക്കേണ്ടിയിരുന്നതെന്ന് ഇപ്പോൾ പാർട്ടി കണ്ടിട്ടുണ്ട്, രാജീവ് പറഞ്ഞു.
