NATIONAL
നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച. കർഷകരുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈഓവറിൽ കുടുങ്ങി കിടന്നു.ഇതിനെ തുടർന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര ഒഴിവാക്കി പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു.
ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കാൻ പോകുന്നതിനിടെ പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തിയിതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറിൽ കുടുങ്ങിയത്. ഇത് വൻ സുരക്ഷാ വീഴ്ചയാണെന്ന് കേന്ദ്ര ആഭ്യന്തര വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെലികോപ്റ്റററിൽ ഹുസൈനിവാലയിലേക്ക് പോകാനാണ് പ്രധാനമന്ത്രി ആദ്യം തീരുമാനിച്ചതെങ്കിലും പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് യാത്ര റോഡ് മാർഗമാക്കുകയായിരുന്നു. ഇതിന് മതിയായ മുന്നൊരുക്കങ്ങൾ പഞ്ചാബ് സർക്കാർ ഒരുക്കിയില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.