KERALA
മന്ത്രിയുടെ അറിവോടെയാണോ കെ.എസ്.ഇ.ബി ചെയർമാന്റെ പ്രതികരണമെന്ന് അറിയേണ്ടതുണ്ടെന്ന് എം.എം മണി

ഇടുക്കി: കെഎസ്ഇബിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ചെയർമാൻ ഡോ. ബി അശോകിന്റെ ആരോപണത്തിനെതിരെ മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി രംഗത്ത്. താൻ മന്ത്രിയായിരുന്ന സമയത്ത് വൈദ്യുതി ബോർഡിൽ ഏറ്റവും മികച്ച പ്രവർത്തനമാണ് നടന്നത്. വൈദ്യുതി ഉൽപ്പാദനം ഉയർത്തി. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചു.
നാലര വർഷമാണ് താൻ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവർണകാലമായിരുന്നു. ഇപ്പോൾ വൈദ്യുതി ഭവനിൽ പൊലീസിനെ കയറ്റേണ്ട അവസ്ഥയായി. വൈദ്യുതി ബോർഡ് ചെയർമാൻ എന്തടിസ്ഥാനത്തിലാണ് വിമർശനം ഉയർത്തിയത്. മന്ത്രിയുടെ അറിവോടെയാണോ ചെയർമാന്റെ പ്രതികരണമെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും അനാവശ്യവിവാദമുണ്ടാക്കരുതെന്നും ചെയർമാൻ ബി അശോക് മറുപടി പറഞ്ഞു. മുൻ സർക്കാരിനെതിരെയോ മുൻമന്ത്രി മണിക്കെതിരെയോ താൻ ആരോപണം ഉന്നയിച്ചിട്ടില്ല, താൻ ഏറ്റവും അധികം ബഹുമാനിക്കുന്ന നേതാവാണ് എം എം മണി. ഭൂമി പാട്ടത്തിന് നൽകുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. പറഞ്ഞ കാര്യങ്ങളിൽ ബോദ്ധ്യക്കുറവില്ലെന്നും അദ്ദേഹം പറഞ്ഞു.ഇടതു യൂണിയൻ നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി കെഎസ്ഇബി ചെയർമാൻ ബി അശോക് രംഗത്തെത്തിയതോടെ വിവാദങ്ങൾക്ക് തുടക്കമായത്.