KERALA
ഐഎൻഎൽ ഔദ്യോഗികമായി പിളർന്നു

കോഴിക്കോട്: ഐഎൻഎൽ ഔദ്യോഗികമായി പിളർന്നു. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അബ്ദുൾ വഹാബിനേയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളേയും യോഗം തിരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വഹാബ് പക്ഷവും കാസിം ഇരിക്കൂർ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയും കൊച്ചിയിലെ യോഗം അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. നേരത്തെ ദേശീയ എക്സിക്യൂട്ടിവ് ചേർന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി ഏഴംഗ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മാർച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വഹാബ് പക്ഷം സ്വന്തം നിലയ്ക്ക് കമ്മിറ്റിയുണ്ടാക്കി പ്രഖ്യാപനം നടത്തിയത്.
ഇന്ന് വിളിച്ചുചേർത്ത സംസ്ഥാന കൗൺസിൽ യോഗത്തിൽ 75 കൗൺസിൽ അംഗങ്ങൾ പങ്കെടുത്തതായി അബ്ദുൾ വഹാബ് പക്ഷം അവകാശപ്പെട്ടു. 20 പോഷക സംഘടനാ അംഗങ്ങളും പങ്കെടുത്തു. 95 പേരാണ് ഇന്ന് ചേർന്ന യോഗത്തിൽ പങ്കെടുത്തത്. ഈ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അധ്യക്ഷനായി എപി അബ്ദുൾ വഹാബും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളും വഹാബ് ഹാജി ട്രഷററും ആയ സമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.