KERALA
മേയർ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎൽഎ സച്ചിൻദേവിന്റെയും വിവാഹനിശ്ചയം നടന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎൽഎ സച്ചിൻദേവിന്റെയും വിവാഹനിശ്ചയം നടന്നു. സിപിഎം ആസ്ഥാനമായ എ.കെജി സെന്ററിൽ അടുത്ത ബന്ധുക്കളുടെയും മുതിർന്ന നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
ഇരുപത്തിരണ്ടുകാരിയായ ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് . സച്ചിനാകട്ടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എയും. ബാലസംഘം, എസ് എഫ് ഐ എന്നിവയിലെ പ്രവർത്തനങ്ങൾക്കിടയിലുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. ഫെബ്രുവരി മാസത്തിലാണ് ഇരുവരും വിവാഹിതരാകുന്നതായി അറിയിച്ചത്. വിവാഹ തീയതി പിന്നീട് അറിയിക്കും.കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമാണ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമാണ്. കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് മുൻ ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓൾ സെയിൻസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ് എഫ് ഐ സംസ്ഥാന സമിതി അംഗവും സി പി എം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.ഇലക്‌ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്റ് ശ്രീലതയുടെയും മകളാണ്.