KERALA
ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി കുറച്ചുനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍.
1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു.
വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയില്‍ തുടര്‍ന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്.