Connect with us

KERALA

തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍. മുഖ്യമന്ത്രി അനുശോചിച്ചു

Published

on

കൊച്ചി: അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും. വൈകുന്നേരത്തോടെ മൃതദേഹം മലപ്പുറത്തെത്തിക്കും.

തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.  മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. 

മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിൻ്റെത്.  രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു. 

രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും  അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. 

ഇസ്ലാമിക പണ്ഡിതനായ തങ്ങൾ  അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു. ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ  വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

Continue Reading