KERALA
ഒരു പാർട്ടിയിലും ചേരാനില്ല: മത്സരിക്കുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല
ആലപ്പുഴ: ഒരു പാർട്ടിയിലും ചേരാനില്ലെന്ന് സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നെപ്പറ്റി പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു പ്രതിപക്ഷ പാർട്ടികളുമായും ഞാൻ സംസാരിച്ചിട്ടില്ല. മത്സരിക്കുമെന്ന് ഈ നിമിഷം വരെ ഞാൻ പറഞ്ഞിട്ടില്ല. വീട്ടിൽ വന്ന പാർട്ടിക്കാർ ആരും ഒരു ദൗത്യവുമായി വന്നതല്ല. അങ്ങനെയൊരു സാഹചര്യവുമില്ല. 15 വയസിൽ ഞാൻ പാർട്ടിയിൽ ചേർന്നതാണ്. 2002 വരെ ഞാൻ പൂർണസമയ പ്രവർത്തകനായിരുന്നു. ആരും നിർബന്ധിച്ചിട്ടല്ല ഞാൻ പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ ഞാൻ മെമ്പർഷിപ്പ് പുതുക്കിയില്ല. അതും ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടിക്കുവേണ്ടി ജീവിച്ചയാളാണ് ഞാൻ. അതുകൊണ്ട് പാർട്ടിയെ അധിക്ഷേപിക്കില്ല. പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ല.
പാർട്ടിയിലെ പലരും എന്നെപ്പറ്റി പലതും പറയുന്നുണ്ട്. എന്റെ അച്ഛനെപ്പറ്റിപ്പോലും പറഞ്ഞു. ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യ പകർന്നുനൽകിയ വ്യക്തിയാണ് അദ്ദേഹം. ഞാൻ എന്റെ ബന്ധുക്കൾക്കുവേണ്ടി ഒന്നും ചെയ്‌തിട്ടില്ല. സാധാരണ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിച്ചത്. ആയിരക്കണക്കിന് യുവാക്കൾക്ക് ജോലി നൽകി. അങ്ങനെയൊരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയാണോ? ഇനിയും അത് തുടർന്നാൽ മാന്യമായി തിരിച്ചടിക്കും. പാർട്ടിക്കുവേണ്ടി ജയിലിൽക്കിടന്നു. ഒരുപാട് മർദനമേറ്റിട്ടുണ്ട്. അല്ലാതെ റോസാപ്പൂ വിരിച്ച പാതയിലൂടെയല്ല നടന്ന് ഇതുവരെയെത്തിയത് ‘ – ജി സുധാകരൻ പറഞ്ഞു.
തൻ്റെ വാർത്തകൾ തമസ്കരിക്കുന്ന ദേശാഭിമാനി പത്രത്തിനെതിരെയും സുധാകരൻ ആഞ്ഞടിച്ചു
