KERALA
ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. വൈകാരിക കുറിപ്പുമായ് കെ. സുധാകരൻ
കണ്ണൂർ: സ്ഥാനാർത്ഥിത്വം ലഭിക്കാതതിനെ തുടർന്ന് കെ.സുധാകരൻ കടുത്ത അതൃപ്തിയിൽ .തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വൈകാരിക കുറിപ്പ് സുധാകരൻ പങ്ക് വെച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റ്:
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.
ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ
ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി
കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.
എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്. എന്ന വാക്കോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ എംപിമാർ മത്സരിക്കുന്നതിൽ സംസ്ഥാനത്ത നേതാക്കൾ ശക്തമായി എതിർത്തിരുന്നു. ഹൈക്കമാൻഡും ഇതുവരെയും ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. സുധാകരനെ അനുനയിപ്പിക്കാൻ ഡൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ച നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവർ ഡൽഹിയിൽ ഉണ്ട്. എംപിമാരുമായി നേതാക്കൾ ആശയവിനിമയം നടത്തുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. സണ്ണി ജോസഫ് മത്സര സന്നദ്ധത അറിയിച്ച എം.പിമാരായ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി തുടർചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ നാട്ടിലേക്ക് മടങ്ങിയത്. പ്രതിഷേധിച്ചാണോ മടങ്ങുന്നതെന്ന ചോദ്യത്തിന് കെ. സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ല.
കെ. സുധാകരൻ അടക്കം മൂന്ന് എംപിമാർ കോൺഗ്രസ് നേതൃത്വത്തിന് മുമ്പിൽ മത്സരിക്കാനായി കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു
