Connect with us

KERALA

പോറ്റിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് കടകംപള്ളി

Published

on

തിരുവനന്തപുരം: തനിക്കെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. പത്തുവർഷത്തിനിടെ താൻ ഒരു പോലീസ് സ്‌റ്റേഷനിലും പോയിട്ടില്ലെന്നും ആരുടെയും സാമ്പത്തിക തർക്കങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

”ഏതോ ഒരു പ്രതിഭയും ഞാനും ഗൂഢാലോചന നടത്തിയാണ് എസ്‌ഐടിയിൽ പോറ്റിക്കെതിരേ പരാതി കൊടുത്തതെന്നാണ് വാർത്തകേട്ടപ്പോൾ എനിക്ക് മനസിലായത്. ആരാണ് ഈ പ്രതിഭയെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. അങ്ങനെ ഒരുസ്ത്രീയുടെ സാമ്പത്തികവിഷയത്തിൽ എന്റെ ജീവിതകാലത്തിൽ ഇടപെട്ടതായി ഞാൻ ഓർക്കുന്നില്ല. 2024-ൽ തുമ്പ സ്റ്റേഷനിൽവെച്ച് പ്രതിഭയെന്ന സ്ത്രീയുമായി സാമ്പത്തിക പ്രശ്‌നങ്ങളുള്ളവരെ വിളിച്ചുചേർത്ത് എന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് പോറ്റി പറയുന്നത്. അതിനെക്കുറിച്ച് ഞാൻ അന്വേഷിച്ചു, അപ്പോൾ പ്രതിഭ ആരാണെന്ന് മനസിലായി. എന്റെ നിയോജകമണ്ഡലത്തിലെ കുളത്തൂരിനടുത്ത് ആറ്റിൻകുഴി എന്ന സ്ഥലത്ത് വട്ടിയൂർക്കാവ് എംഎൽഎ പ്രശാന്തിന്റെ അമ്മാവന്റെ വീടിനടുത്ത് സ്‌കൂൾ നടത്തിയിരുന്ന ആളാണെന്ന് മനസിലായി.

പത്തു വർഷത്തിനിടെ ഒരു പോലീസ് സ്‌റ്റേഷനിലും ഞാൻ പോയിട്ടില്ല. തുമ്പ സ്റ്റേഷനിലും പോയിട്ടില്ല, കേരളത്തിലെ എവിടെയും പോലീസ് സ്‌റ്റേഷനിൽ പോയിട്ടില്ല. തുമ്പ സ്റ്റേഷനിലെ കെട്ടിട ഉദ്ഘാടനവേളയിൽ സ്ഥലം എംഎൽഎയെന്ന നിലയിൽ ശിലാഫലകം അനാച്ഛാദനം ചെയ്യാൻ പോയി. ആരുടെയും സാമ്പത്തികവിഷയത്തിൽ ഇടപെട്ടിട്ടില്ല. പോലീസ് സ്‌റ്റേഷനിലും ഇതേക്കുറിച്ചു വിളിച്ചുചോദിച്ചു, അവർക്കും ഓർമയില്ല. 2024-ൽ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന് അവർ പറഞ്ഞു.

പോറ്റി എന്തിനുവേണ്ടി തെറ്റായ പരാതി നൽകിയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അടുത്തിടെ ഒന്നോ രണ്ടോ ചാനലുകൾ നടത്തിയ അഭിപ്രായസർവേയിൽ എൽഡിഎഫിനും എനിക്കും മുൻതൂക്കമെന്ന് വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ എന്നെ അപമാനിക്കാൻ നമ്മുടെ സ്‌നേഹിതന്മാരിൽ ആരെങ്കിലും നടത്തിയ ഗൂഢാലോചനയായി മാത്രമേ പോറ്റിയുടെ പരാതി കാണാൻ കഴിയുകയുള്ളൂ. ആരാണ് പോറ്റിയെക്കൊണ്ട് വ്യാജപരാതി കൊടുപ്പിച്ചതിന് പിന്നിലെന്ന് നിങ്ങൾക്ക് മനസിലാകും. തത്കാലം അവരെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും സന്ദർഭം വരികയാണെങ്കിൽ പറയുക തന്നെ ചെയ്യും”, കടകംപള്ളി വിശദീകരിച്ചു.

കടകംപള്ളി ഭൂമിതട്ടിപ്പ് കേസിൽ തന്നെ കുടുക്കാൻ ശ്രമിച്ചെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.

പോറ്റിക്ക് ജാമ്യം ലഭിച്ചതിനുപിന്നാലെ കഴക്കൂട്ടം സ്വദേശിനിയായ ഒരു സ്ത്രീ, തന്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചിരുന്നു. 2017-ൽ തന്നിൽനിന്ന് ഭൂമി കുറഞ്ഞ തുകയ്ക്കു വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു ആരോപണം. ഇക്കാര്യത്തിൽ എസ്.ഐ.ടി. പരിശോധന ആരംഭിക്കുകയും ചെയ്തു. നേരത്തേ കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ തുമ്പ പോലീസ് സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പാക്കിയ കേസിൽ തന്നെ കുടുക്കാൻവേണ്ടി സ്ത്രീയെക്കൊണ്ട് കടകംപള്ളി പരാതി കൊടുപ്പിക്കുകയായിരുന്നുവെന്നാണ് പോറ്റിയുടെ ആരോപണം. എന്നാൽ, പോറ്റിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം കടകംപള്ളി ഇന്ന് നിഷേധിച്ചു.

Continue Reading