Connect with us

NATIONAL

കോണ്‍ഗ്രസിന്റെ ഭാവി ഇനി എന്ത് ശ്രദ്ധാകേന്ദ്രമായി വിമതനേതാക്കളുടെ കൂട്ടായ്മയായ ജി23

Published

on

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേരിട്ടത്. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തില്‍ തിരിച്ചെത്താമെന്ന മോഹം പാളിയെന്ന് മാത്രമല്ല അധികാരത്തിലുണ്ടായിരുന്ന പഞ്ചാബില്‍ പാര്‍ട്ടി ഏതാണ്ട് നാമവശേഷമാവുകയും ചെയ്തു. ഇന്ത്യയില്‍ ഇനി കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്.
രാജസ്ഥാനും ചത്തീസ്ഗഢും കഴിഞ്ഞാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുന്നണിസഖ്യത്തിന്റെ ഭാഗമായി അധികാരത്തിലുണ്ട്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമായുള്ള സഖ്യത്തില്‍ ജാര്‍ഖണ്ഡും ശിവസേന എന്‍സിപി സഖ്യത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലും, ഡിഎംകെ സഖ്യത്തില്‍ തമിഴ്‌നാട്ടിലുമാണ് പാര്‍ട്ടിക്ക് അധികാരമുള്ളത്.

പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും യാതൊരു പരിഹാരവും കാണാന്‍ നേതൃത്വത്തിനായിട്ടില്ല. ഇപ്പോള്‍ അധികാരത്തിലുള്ള രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. മധ്യപ്രദേശില്‍ കമല്‍നാഥുമായി ഇടഞ്ഞ ജ്യോതിരാതിദ്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിയായി.
പാര്‍ട്ടി പ്രസിഡന്റ സ്ഥാനം രാജിവച്ചെങ്കിലും രാഹുല്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടിയുടെ അവസാനവാക്ക്. ഇടക്കാല അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിക്കും യുപിയില്‍ അഞ്ച് വര്‍ഷം പാര്‍ട്ടിയെ നയിച്ച പ്രിയങ്ക ഗാന്ധിക്കും നിലവിലെ പരാജയത്തില്‍ തുല്യ ഉത്തരവാദിത്തമുണ്ട്. യുപിയിലെ വലിയ പരാജയത്തോടെ പ്രിയങ്കയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടും.
. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കം രാഹുല്‍ ഗാന്ധിയോട് അനുഭാവം കാണിക്കുന്ന പ്രമുഖ നേതാക്കളും ഒരു മാറ്റത്തിനായി ഇതുവരെ വാദിച്ചിട്ടില്ല. ശക്തമായ തിരുത്തല്‍ നടപടികള്‍ അവര്‍ ഇനി ആവശ്യപ്പെടാനും സാധ്യതയില്ല.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ശ്രദ്ധാകേന്ദ്രം വിമതനേതാക്കളുടെ കൂട്ടായ്മയായ ജി23 ആണ് . പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലും നേതൃത്വത്തിന്റെ നയങ്ങളിലും മാറ്റം വേണമെന്ന് അവര്‍ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ആ ആവശ്യം കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ശക്തമായി ഉന്നയിക്കും എന്ന് ഉറപ്പാണ്. ജി23 ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിന്റെ കൂടി ഫലമായിട്ടാണ് സംഘടനാ തെരഞ്ഞെടുപ്പിന് നേതൃത്വം തയ്യാറായത്. എന്നിട്ടും അതിനുള്ള നടപടിക്രമങ്ങള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്.

Continue Reading