KERALA
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് മുന്‍മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന പ്രസ്താവനയുമായി മുന്‍മന്ത്രി ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചാണ് സിപിഐഎം മുതിര്‍ന്ന നേതാവ് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കിയിരിക്കുന്നത്.
സുധാകരന്‍റെ ആവശ്യത്തിന് ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. സുധാകരന് പകരം മറ്റൊരു പ്രതിനിധിയെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ആലപ്പുഴയിലെ സംഘടനാപ്രശ്‌നങ്ങളിലെ സിപിഐഎം നേതൃത്വത്തിന്‍റെ ഇടപെടലില്‍ ജി സുധാകരന് നീരസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുധാകരന്‍റെ കത്ത്.
എറണാകുളത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ജി സുധാകരന്‍ കത്തുനല്‍കിയിരുന്നു. പിന്നീട് ഈ കത്ത് പരിഗണിച്ചുകൊണ്ട് സുധാകരനെ പാര്‍ട്ടി നേതൃത്വം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.