KERALA
പ്രകൃതിയെ മാന്തിക്കീറിയും കുത്തിപൊളിച്ചുമുള്ള നീക്കങ്ങള്‍ക്ക് താക്കീതുമായി ശാസ്ത്രസാഹിത്യപരിഷത്ത് ആരംഭിച്ച നാടകയാത്ര സിപിഎമ്മിനുളളില്‍ ചര്‍ച്ചയാകുന്നു

പാലക്കാട് : പ്രകൃതിനാശത്തിനും വികസനത്തിനായി പ്രകൃതിയെ മാന്തിക്കീറിയും കുത്തിപൊളിച്ചുമുള്ള നീക്കങ്ങള്‍ക്ക് മുന്നറിയിപ്പും താക്കീതുമായി ശാസ്ത്രസാഹിത്യപരിഷത്ത് ആരംഭിച്ച നാടകയാത്ര സിപിഎമ്മിനുളളില്‍ ചര്‍ച്ചയാകുന്നു.
പ്രകൃതിയെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ മനസിനെ തൊട്ടുണര്‍ത്തുന്ന ചോദ്യങ്ങളും വരികളും ഇങ്ങനെപോയാല്‍ വരാന്‍പോകുന്ന വിപത്തിന്റെ സൂചനകളുമായി ‘ഒന്ന് ‘എന്ന പേരില്‍ ആരംഭിച്ച നാടകയാത്ര സില്‍വര്‍ലൈന്‍ വിവാദത്തിനിടയില്‍ ഒരു ഒന്നൊന്നര പണിയാകുമോ എന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ സംശയവും വിമര്‍ശനവും.
പദ്ധതിക്കെതിരെയുളള സമരക്കാര്‍ക്ക് വരികള്‍ ഊര്‍ജം പകരുമെന്നുവരെ അഭിപ്രായമുയര്‍ന്നു. സില്‍വര്‍ലൈനിനെക്കുറിച്ചൊന്നും ഇന്നില്‍ നേരിട്ടോ അല്ലാതെയോ സൂചനപോലുമില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനെ സില്‍വര്‍ലൈനുമായി കൂട്ടിവായിക്കുമെന്നു പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, വിവാദത്തിന്റെ ആവശ്യമില്ലെന്നും സംഘടന എക്കാലത്തും നടത്തുന്ന ശാസ്ത്ര, പരിസ്ഥിതി ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ‘ഒന്ന്’ എന്ന നാടകയാത്രയെന്നാണ് സംഘടനാ നേതൃത്വം വ്യക്തമാക്കുന്നത്. മറിച്ചുള്ള നിരീക്ഷണവും വ്യാഖ്യാനവും തികച്ചും രാഷ്ട്രീയമാണ്. ഒരുമയുടെ രാഷ്ട്രീയ പാഠം പാടിപ്പറഞ്ഞൊരു നാടകയാത്ര എന്നാണ് ‘ഒന്നി’നെ പരിഷത്ത് വിശേഷിപ്പിക്കുന്നത്.
ജനോ ജോസഫാണ് രചനയും സംവിധാനവും. കവി എം.എം.സചീന്ദ്രന്റെ വരികള്‍ക്ക് കോട്ടയ്ക്കല്‍ മുരളിയുടേതാണ് സംഗീതം. കോവിഡിനുശേഷമുളള സാമൂഹിക അന്തരീക്ഷത്തിന് ഊന്നല്‍ നല്‍കി ‘ഏകലോകം, ഏകാരോഗ്യം’ എന്ന മുദ്രാവാക്യത്തോടെയുള്ള നാടകത്തില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വ്യക്തികളും സംഘടനകളും അധികാരികളുമൊന്നും കടന്നുവരുന്നില്ല. എന്നാല്‍ മറ്റൊരുതരത്തില്‍ ആ പദ്ധതി ഉയര്‍ത്തുന്ന സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി ആശങ്ക തന്നെയാണ് ഒന്നില്‍ വ്യക്തമാകുന്നതെന്നും ഉള്‍ക്കൊള്ളുന്നതെന്നും പദ്ധതിക്കെതിരായവര്‍ അഭിപ്രായപ്പെടുന്നു.
അതുതന്നെയാണ്, ഞങ്ങളും ഒറ്റയ്ക്കും ഒരുമിച്ചും സര്‍ക്കാരിനോട് പറയുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനുളളതല്ല ശാസ്ത്ര, പരിസ്ഥിതി ജാഥകളെന്നാണ് പരിഷത്ത് പ്രവര്‍ത്തകരുടെ നിലപാട്. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ യാത്ര. കോവിഡ് കാലത്ത് പലതരത്തില്‍ അകന്നുപോയവരെ ഒരുമയിലേക്ക് എത്തിക്കുന്ന സന്ദേശം മാത്രമാണ് അതു നല്‍കുന്നതെന്നൊക്കെ വ്യക്തമാക്കുമ്പോഴും ‘അതുതാന്‍ അല്ലയോ ഇത്’ എന്ന ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടിയിലെ പലരും.
കഴിഞ്ഞ മാസം 30 ന് മധ്യമേഖലയിലും തെക്കന്‍ മേഖലയിലും വടക്കന്‍ മേഖലയിലുമായാണ് യാത്ര ആരംഭിച്ചത്. നാടിനെ ഇളക്കിമറിച്ച, നാട്ടുകാര്‍ കേള്‍ക്കാന്‍ ചെവികൂര്‍പ്പിച്ചിരുന്ന, അവരുടെ വരവ് കാത്തിരുന്ന എത്രയോ കലാജാഥകള്‍ ഇതിന് മുന്‍പും ശാസ്ത്രസാഹിത്യപരിഷത്ത് അവതരിപ്പിച്ചിട്ടുണ്ട്. അത് സമൂഹത്തിന്റെ ശാസ്ത്രബോധത്തില്‍, ജീവിതത്തില്‍, സമൂഹത്തിന്റെ മുന്നേറ്റത്തില്‍ ചാലകശക്തിയായി മാറിയ ചരിത്രവും നേതൃത്വം എണ്ണിയെണ്ണിപറയുന്നു.
”മണ്ണെടുത്ത് മണ്ണടിഞ്ഞ പുഴകള്‍ തന്റെ നിലവിളിയിലും കുന്നുകള്‍ പിളര്‍ന്ന യന്ത്രഭീകരന്റെ കൊലവിളിയിലേയ്ക്കും കടല്‍നികത്തി കടവുപണിയുന്നവരുടെ” ക്രൂരതയിലേക്കും ശ്രദ്ധയും ജാഗ്രതയും ക്ഷണിച്ചു മുന്നേറുന്ന ‘ഒന്ന്’ ഈ മാസം 13 ന് സമാപിക്കും.