Connect with us

KERALA

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ പഴുതടച്ച സുരക്ഷ

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ പഴുതടച്ച സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം തുടങ്ങി. ക്ളിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ കെ-റെയിൽ സർവേകല്ല് സ്ഥാപിച്ച സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായി വിലയിരുത്തിയതിന് പിന്നാലെയാണിത്. സുരക്ഷയ്ക്ക് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കമാൻഡോ സംഘത്തെ നിയമിച്ചതിന് പുറമേയാണ് സി.സി ടി.വി കാമറ സംവിധാനം ഉൾപ്പെടെയുള്ള കൺട്രോൾ റൂം നിരീക്ഷണവും.
മെയിൻ ഗേറ്റിലെ പഴയ ഗാ‌ർഡ് റൂമിലാണ് സംവിധാനം. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായാലുടൻ അവിടേക്ക് മാറ്റും. കൺട്രോൾ റൂം അസി. കമ്മിഷണർക്കാണ് മേൽനോട്ടം. 65 പൊലീസുകാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടിക്കുണ്ടാകും. ക്ളിഫ് ഹൗസ് വളപ്പുൾപ്പെടെ ചുറ്റുവട്ടത്തെ 10 കിലോമീറ്ററോളം സ്ഥലമാണ് കൺട്രോൾ റൂം പരിധിയിൽ. ഈ ഭാഗത്തെ ഒൻപത് മന്ത്രി മന്ദിരങ്ങളുടെ വളപ്പുകളും കാമറ നിരീക്ഷണത്തിലാക്കി. 32 കാമറകളാണുള്ളത്. ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ നിരീക്ഷിക്കും. പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗ് പോയിന്റുകളും സ്ഥാപിച്ചു. മന്ത്രി മന്ദിരങ്ങളിൽ പിൻവശത്തുൾപ്പെടെ പൊലീസുകാരെ നിയോഗിച്ചു.

Continue Reading