KERALA
പാർട്ടി കോൺഗ്രസ് സെമിനാറിൽ മ കെ വി തോമസ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും

കണ്ണൂർ: സി പി എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിലപാട് പ്രഖ്യാപിക്കാൻ രാവിലെ പതിനൊന്ന് മണിക്ക് അദ്ദേഹം മാദ്ധ്യമങ്ങളെ കാണും. അതിനിടെ കെ വി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും കോൺഗ്രസിൽ നിന്ന് പുറത്തായാൽ വഴിയാധാരമാകില്ലെന്നും എം വി ജയരാജൻ പറഞ്ഞു.
ദേശീയതലത്തിൽ ബി ജെ പിക്കെതിരെ കോൺഗ്രസും സി പി എമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാർട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ലെന്നും വിഷയത്തെപറ്റി അറിവുള്ളയാൾ എന്ന നിലയിൽ കൂടിയാണ് വിളിച്ചതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടിവരുമെന്ന് കെ പി സി സി ഇന്നലെ താക്കീത് ചെയ്തിരുന്നു. പാർട്ടിക്ക് പുറത്തുപോകാൻ മനസുണ്ടെങ്കിൽ മാത്രമേ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ വി തോമസ് പോകാൻ പാടുള്ളൂവെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.