NATIONAL
നന്ദി ഗ്രാം ഒരു പാഠമാകണമെന്നും സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് ജനങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്താതെ നടപ്പിലാക്കരുതെന്നും ബംഗാൾ

കണ്ണൂർ: നന്ദി ഗ്രാം ഒരു പാഠമാകണമെന്നും സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് ജനങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്തണമെന്നും ബംഗാൾ ഘടകം പാർട്ടി കോൺഗ്രസിൽ അഭിപ്രായപ്പെട്ടു
സി.പി.എം പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കടുത്ത അതൃപ്തിയാണ് ബംഗാൾ ഘടകം അറിയിച്ചത്. കേന്ദ്ര നേതൃത്വം കേരളഘടകത്തിന് മുന്നറിയിപ്പ് നൽകണമെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു.
പ്രതിനിധി സമ്മേളന ആരംഭദിനമായ ഇന്നലെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ വിഷയത്തിൽ അനുകൂലിച്ച് സംസാരിച്ചിരുന്നു. പദ്ധതി നടപ്പിലാക്കും എന്ന ഉറച്ച തീരുമാനമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗത്തിലുണ്ടായിരുന്നത്. ഇതിലാണ് ബംഗാൾ നേതാക്കൾ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.
ബംഗാളിലെ പാർട്ടിക്ക് മുമ്പിൽ നന്ദിഗ്രാം തിരിച്ചടി നേരിട്ട മാതൃകയായി മുന്നിൽ നിൽപ്പുണ്ട്. അതുകൊണ്ട് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുത്. ഭൂപ്രശ്നങ്ങൾ വലിയ തിരിച്ചടിയാകുമെന്നും വലിയ രീതിയിലുള്ള ആലോചനകൾ വേണമെന്നുമുള്ള നിർദ്ദേശമാണ് ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കൾ മുന്നോട്ടുവെക്കുന്നത്. സിൽവർ ലൈൻ വിഷയത്തിൽ തുടക്കത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണ് ബംഗാൾ ഘടകത്തിന്റേത്. എന്നാൽ കെ-റെയിൽ വിഷയത്തിൽ വ്യക്തമായ അഭിപ്രായം സി.പി.എം. കേന്ദ്രനേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല . സാമൂഹികാഘാത പഠനം പുറത്തുവന്നതിനുശേഷം പ്രതികരിക്കാമെന്നാണ് കഴിഞ്ഞദിവസം ചോദ്യമുയർന്നപ്പോഴും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.