KERALA
കെഎസ്ഇബി ചെയര്‍മാനും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സമരത്തില്‍ മന്ത്രിയോ മുന്നണിയോടെ ഇടപെടില്ലെന്നും ജീവനക്കാരും ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
ബോർഡ് ചർച്ച ചെയ്ത് പരിഹാരം കാണും. മന്ത്രിതല ചർച്ചയുടെ ആവശ്യമില്ല. ബോർഡ് തലത്തിലുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ മന്ത്രി ഇടപെടേണ്ടതുള്ളൂ. ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ചെയർമാൻ ബി. അശോക് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കെഎസ്ഇബി ചെയർമാനുമായി കൂടിക്കാഴ്ച നടന്നത്. ഓഫിസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിരാഹാര സമരവും തുടരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.
സംഘടന ഭാരവാഹികളുടെ സസ്പെന്ഷന് പിന്‍വിലക്കുക, ചെയർമാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്. ചെയര്‍മാന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫിസേഴ്സ് അസോസിയേഷന് നല്‍കിയിട്ടുണ്ട്