NATIONAL
പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ്. അച്ചടക്ക സമിതിയുടെതാണ് തീരുമാനം. ഒരാഴ്‌ചയ്ക്കകം നോട്ടീസിന് മറുപടി നൽകണം. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ നൽകിയ പരാതിയിലാണ് നടപടി.
തോമസ് നൽകുന്ന മറുപടിയെ മുൻനിർത്തിയാകും തുടർന്നുള്ള തീരുമാനങ്ങൾ കെെക്കൊള്ളുക. പാർട്ടി ഭരണഘടന അനുസരിച്ചാണ് നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.എ.കെ ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതി നാല് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിനൊടുവിലാണ് കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.അതേസമയം, കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്ന് കെ വി തോമസ് പ്രതികരിച്ചു. കോൺഗ്രസ് പാർട്ടിയിൽ തുടരും. ആക്ഷേപം ഉന്നയിച്ചവർക്ക് അജണ്ടയുണ്ട്. തനിക്കെതിരെ സോഷ്യൽ മീഡിയിൽ നടക്കുന്ന വ്യക്തിഹത്യയ്ക്ക് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.