KERALA
പാര്‍ട്ടി കോണ്‍ഗ്രസ് പിണറായിക്ക് അടിമപ്പെട്ടുവെന്നു കെ.സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതിന് ഇടനിലക്കാരനുള്ളതായി സംശയമുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബിജെപി സിപിഎമ്മുമായി കൈകോര്‍ക്കുകയാണ്. കോണ്‍ഗ്രസ് ഇനി കേരളത്തില്‍ എത്താതിരിക്കുകയാണ് ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു.
തന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുകൂലമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹചര്യം സൃഷ്ടിക്കുകയാണ്. വിമര്‍ശിക്കാനോ എതിര്‍ക്കാനോ ആളുകള്‍ക്ക് ധൈര്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണത്തില്‍ തുടര്‍ച്ചയുണ്ടായില്ല. കേരളത്തിലെ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സീതാറാം യെച്ചൂരി എത്തിയത്. എന്നാല്‍ മടങ്ങുന്നത് ആ തീരുമാനത്തോടെയല്ല. പാര്‍ട്ടി കോണ്‍ഗ്രസ് പിണറായിക്ക് അടിമപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു.
കെ വി തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നും കെ സുധാകരന്‍ പരിഹസിച്ചു. കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ വി തോമസ്. കിട്ടിയ അധികാരം അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാകാം. സിപിഎമ്മുമായുള്ള രഹസ്യ അജണ്ട തനിക്കുവേണ്ടിയാണോ, മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ എന്നറിഞ്ഞാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു.
കെവി തോമസിനെതിരായ തീരുമാനം കൂടിയാലോചിച്ച് എടുത്തതാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സെമിനാറില്‍ പങ്കെടുത്തതിനെയല്ല എതിര്‍ത്തത്. കൊന്നുതള്ളിയവരുടെ പാര്‍ട്ടി വേദിയില്‍ പോയതിനെയാണ്. കെ വി തോമസിനെതിരായ സൈബര്‍ ആക്രമണം നേതൃത്വത്തിന്റെ അറിവോടെയല്ല. മറിച്ച് തെളിയിച്ചാല്‍ തോമസ് മാഷിന് മുമ്പില്‍ കുമ്പിട്ടു നില്‍ക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചു. ഇതിനു പിന്നില്‍ സിപിഎം-ബിജെപി ധാരണയാണ്. വമ്പന്മാരായ ഇടനിലക്കാരാണ് ഇതിനുപിന്നിലുള്ളത്. അവര്‍ ആരെന്നത് താമസിയാതെ പുറത്തു വരുമെന്നും സതീശന്‍ പറഞ്ഞു.