Connect with us

KERALA

സുധാകരനെ അനുനയിപ്പിക്കാൻ നീക്കം സജീവം. നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തി. പിണറായി നാളെ ആലപ്പുഴയിൽ

Published

on

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ നീക്കം സജീവം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ജി സുധാകരൻ്റെ വീട്ടിലെത്തി ഇന്ന്  കൂടിക്കാഴ്ച നടത്തി. അതിനിടെ, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് ജി സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്. 

അതേസമയം, ജി സുധാകരൻ മൗനം തുടരുകയാണ്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നതിൽ സുധാകരൻ ഇതുവരെ ഉറപ്പ് പറഞ്ഞിട്ടില്ല. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ എത്തുന്നുണ്ട്. സുധാകരനെ അനുനയിപ്പിക്കാൻ പിണറായി വിജയൻ ഇടപെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടെങ്കിലും സുധാകരൻ അനുനയത്തിന് വഴങ്ങിയില്ല. എന്നാൽ സിപിഎമ്മിനെ കുഴപ്പത്തിലാക്കുന്ന നീക്കം സുധാകരനിൽ നിന്നുണ്ടാവില്ല എന്നാണ് സിപിഎം കരുതുന്നത്. അതേസമയം സുധാകരൻ മനസ്സ് തുറക്കാത്തിനാൽ കോണ്‍ഗ്രസ് ക്യാംപ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. പെട്ടെന്നൊരു പ്രതികരണം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കൾ.

പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഫോണിൽ വിളിച്ചപ്പോഴും സുധാകരൻ ആവർത്തിച്ചു. താൻ അവഗണിക്കപ്പെടുന്നതിന്‍റെ വേദനയും ജി സുധാകരൻ പങ്കുവച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചിട്ടും ആരും തിരുത്തിയില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കുമെന്നും ജി സുധാകരൻ വ്യക്തമാക്കുകയുണ്ടായി. 

Continue Reading