KERALA
കെവി തോമസിന്റെ പ്രസ്താവന ഒന്നൊന്നര തമാശയെന്ന് കെ സി വേണുഗോപാൽ

ന്യൂഡല്‍ഹി: സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നുമുള്ള കെവി തോമസിന്റെ പ്രസ്താവന ഒന്നൊന്നര തമാശയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെ വി തോമസിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു കെ സി വേണുഗോപാലിന്റെ പരിഹാസം. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും. പാര്‍ട്ടിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അത് സംസ്ഥാനഘടകങ്ങള്‍ക്ക് തീരുമാനിക്കാം. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പിസിസി നടപടിയെടുത്ത് വിവരം എഐസിസിയെ അറിയിച്ചാല്‍ മതിയെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചിന്തന്‍ ശിബിരിനെക്കുറിച്ചാണ് തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എവിടെയൊക്കെ ആരൊക്കെ പാര്‍ട്ടി വിട്ടുപോയി, പോയിട്ടുണ്ടോ തുടങ്ങിയ ചര്‍ച്ചകളിലേക്കൊന്നും പോകാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. ഇന്ത്യയിലെ കോണ്‍ഗ്രസുകാരെല്ലാം പ്രതീക്ഷയോടെ നോക്കുന്ന പ്രവര്‍്തതനമേഖലയാണ് ചിന്തന്‍ ശിബിര്‍ അതിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയാണ് തങ്ങളെല്ലാം. അത്തരം കേന്ദ്രങ്ങളിലാണ് ഹൈക്കമാന്‍ഡ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇത്തരം പ്രാദേശികകാര്യങ്ങളില്‍ കേരളഘടകം തീരുമാനമെടുക്കട്ടെയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.