KERALA
തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇനി 2 ദിവസം മാത്രം. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ഏറെ പ്രാധാന്യം നേടിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന – ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് രാവിലെ മുതൽ റോഡ് ഷോയിലാണ് സ്ഥാനാർഥികൾ. പി സി ജോർജും മണ്ഡലത്തിൽ എത്തി. ഫോർട്ട് പോലീസ് ഹാജരാകാൻ നൽകിയ നോട്ടീസ് തള്ളിയാണ് പി സി ജോർജ് എത്തിയത്.
വികസനവും കെ റെയിലും തുടങ്ങി വിഷയങ്ങളിൽ പ്രചാരണം തുടങ്ങിയ തൃക്കാക്കരയിൽ ഇപ്പോൾ വ്യാജ അശ്ലീല വീഡിയോയും പി സി ജോർജിന്റെ അറസ്റ്റും ഒക്കെ ചർച്ച ചെയ്യുകയാണ് . പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും യു ഡി എഫ് എൽ ഡി എഫ് എൻ ഡി എ സ്ഥാനാർഥികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേരിട്ട് നേതൃത്വം കൊടുത്തതോടെയാണ് പ്രചാരണം ചൂട് പിടിച്ചത്. പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും എത്താനുള്ള ഓട്ടത്തിലാണ് മുന്നണികൾ. പാലാരിവട്ടത്ത് പ്രത്യേകം നിശ്ചയിച്ച സ്ഥലത്തായിരിക്കും കൊട്ടിക്കലാശം. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണം. ചൊവ്വാഴ്ചയാണ് തൃക്കാക്കരയുടെ നാല് വർഷത്തെ ജനപ്രതിനിധിയെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ മൂന്നിനാണ്.