Connect with us

KERALA

കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്നും ആരേയും വഴിതടയില്ലെന്നും മുഖ്യമന്ത്രി

Published

on

കണ്ണൂർ: കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്നും ആരേയും വഴിതടയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ഗ്രന്ഥശാല പ്രവർത്തക സംസ്ഥാന സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോൾ ഒരു കൂട്ടര് ഇവിടെയെന്തോ വഴിതടയുകയാണ് എന്നുപറഞ്ഞുകൊണ്ടുള്ള കൊടുമ്പിരിക്കൊണ്ട പ്രചാരണം നടത്തുന്നതായി കാണുന്നുണ്ട്. ഈ നാട്ടിൽ വഴിനടക്കാനുള്ള സ്വാതന്ത്ര്യം ഒരുകൂട്ടർക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. ചില ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ പ്രബുദ്ധ കേരളം അതൊന്നും സമ്മതിച്ചുതരില്ല. ഈ പരിപാടിയിൽപങ്കെടുത്ത പലരും പല തരത്തിൽ വസ്ത്രം ധരിച്ചവരാണ്. കുറച്ച് ദിവസമായി കൊടുമ്പിരിക്കൊണ്ട മറ്റൊരു പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തിൽ ധരിക്കാൻ പാടില്ല എന്നതാണ്. മാസ്കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തിലേതൊരാൾക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാൻ അവകാശമുണ്ട്.എത്ര മാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെയാണ് ചില കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് കറുത്ത വസ്ത്രം, മാസ്ക് ധരിക്കരുത് എന്ന് കേരളത്തിലെ സർക്കാർ നിലപാടെടുത്തു എന്ന പ്രചാരണം നടത്തുന്നത്.കേരളത്തിൽ ഇടതുപക്ഷസർക്കാരാണ്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു. ആ സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേകവസ്ത്രം ധരിക്കാൻ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ഇതെല്ലാം നുണപ്രചാരണങ്ങളാണെന്ന് തിരിച്ചറിയണം. നമ്മുടെ നാടിന്റെ പ്രത്യേകത എല്ലാ തരത്തിലും കാത്ത് സൂക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടാകും മെന്നും പിണറായി പറഞ്ഞു.

Continue Reading