NATIONAL
രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമ്മു നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമ്മു നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിയ്‌ക്ക് ദ്രൗപതി മുർമ്മു നാമനിർദ്ദേശ പത്രിക കൈമാറി.
ചടങ്ങിന് സാക്ഷ്യം വഹിക്കാനും പിന്താങ്ങാനും എൻഡിഎയുടെ ദേശീയ നേതാക്കളുടെ നീണ്ടനിരതന്നെ പാർലമെന്റിലെ 29ാം നമ്പർ മുറിയിലും പരിസരത്തുമായി എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശിയദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാർ, മുന്നണിയിലെ വിവിധ പാർട്ടി നേതാക്കന്മാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരോടൊപ്പമാണ് ദ്രൗപതി മുർമ്മു നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദ്രൗപതി മുർമ്മുവിനെ നാമനിർദ്ദേശം ചെയ്‌തത്. ദ്രൗപതി മുർമ്മുവിന്റെ പേര് നിർദ്ദേശിച്ച് അൻപത് പേരും പിന്തുണച്ച് അൻപതുപേരും ഒപ്പിട്ടു. ജനതാദൾ, ബിജെഡി,അണ്ണാഡിഎംകെ അടക്കം നേതാക്കൾ എത്തിയിട്ടുണ്ട്. പിന്തുണയുടെ കാര്യത്തിൽ സംശയമുണ്ടായിരുന്ന നേതാക്കൾ പോലും അവസാന നിമിഷം പിന്തുണ പ്രഖ്യാപിച്ചതോടെ ദ്രൗപതി മുർമ്മുവിന്റെ വിജയം ഏതാണ്ട് ഉറപ്പാണ്.നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മുൻപായി പാർലമെന്റിലെത്തിയ ദ്രൗപതി മുർമ്മു രാഷ്‌ട്രപിതാവിന്റെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് പ്രധാനമന്ത്രി എത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയി. തുടർന്ന് ദേശീയ നേതാക്കളോടൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.