KERALA
കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ ഗതാഗതമന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ ഗതാഗതമന്ത്രി ആന്‍റണി രാജു. യൂണിയനുകളാണ് കെഎസ്ആര്‍ടിസി യൂണീറ്റുകള്‍ ഭരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ മാറിയാലും യൂണിയനുകളെ മാറ്റാനാകില്ല. ഈ സ്ഥിതി മാറിയാലെ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മറ്റൊരു പൊതു മേഖലാ സ്ഥാനത്തിലും ഇത്തരമൊരു സ്ഥിതിയില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ആന്‍റണി രാജു കൂട്ടിച്ചേര്‍ത്തു.
അതേസമയം കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുള്ള പരിഹാരം സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുക എന്നാതാണെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെയും വികാരം. അതിന് മറ്റുവഴികളില്ല. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കും. ഇതിനായി വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ണ വിജയമായിരുന്നില്ല. അതിനാല്‍ വീണ്ടും അതിവേഗം ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.