Crime
നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഉത്തരവ്

കൊച്ചി: നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി
ഉത്തരവ്. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണക്കോടതിയുടെ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കി.
മെമ്മറി കാർഡ് പരിശോധനയ്‌ക്ക് അയയ്‌ക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളിൽ ഫോറൻസിക് ലാബിൽ പരിശോധനയ്‌ക്ക് അയക്കാനും ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.കോടതിയുടെ പക്കലുണ്ടായിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി പരിശോധനയിൽ വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങൾ ചോർന്നോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, കോടതിയുടെ കൈവശമിരിക്കുന്ന മെമ്മറി കാർഡാണ്. കോടതിയിൽ നിന്നും ചോർന്നോ എന്ന് പരിശോധിക്കേണ്ടത് കോടതിയുടെ അവകാശമാണ്. മറ്റൊരു പൊലീസ് അന്വേഷണത്തിന്റെ കാര്യമില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ നിലപാട്, ഇതേ തുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.