Connect with us

KERALA

പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍. നിങ്ങളൊരു ‘ഗ്ലോറിഫൈഡ് കൊടി സുനി ‘ മാത്രം

Published

on

കണ്ണൂർ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മഞ്ഞമുണ്ടും നീലഷര്‍ട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കല്‍ രാമകൃഷ്ണന്റെ തലച്ചോറ് പിളര്‍ന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയനെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ വിമര്‍ശനം. കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ സുധാകരന്‍ എന്ന് പറഞ്ഞ പിണറായി വിജയന്‍ ചില സംഭവങ്ങളും സൂചിപ്പിച്ചു. ഇതിന് മറുപടിയുമായാണ് സുധാകരന്‍ രംഗത്ത് എത്തിയത്.

‘എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയന്‍ താങ്കള്‍. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്റെ പേരില്‍ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയന്‍. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക!

വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കല്പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാന്‍ പോയത് കണ്ണൂരിലെ കോണ്‍ഗ്രസുകാരാണ്. ദൃക്‌സാക്ഷികള്‍ ഭയന്ന് പിന്‍മാറിയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങള്‍.’ ആ പൂര്‍വകാല ചരിത്രം എന്നെകൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് താങ്കള്‍ക്ക് നല്ലതെന്നും സുധാകരന്‍ പറഞ്ഞു.

താങ്കളെപ്പോലൊരു പൊളിറ്റിക്കല്‍ ക്രിമിനല്‍ ഇരിക്കുന്ന നിയമസഭയില്‍ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓര്‍ത്തു എനിക്ക് സങ്കടമുണ്ട്. താങ്കള്‍ ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയില്‍ വിഷമവുമുണ്ട്. പി.ആര്‍. ഏജന്‍സികളും കൊവിഡും അനുഗ്രഹിച്ചു നല്‍കിയ തുടര്‍ഭരണം ഇനിയും അധിക കാലം മുന്നോട്ട് പോകാന്‍ നിങ്ങളെ സഹായിക്കില്ല. പിണറായി വിജയന്‍, നിങ്ങളൊരു ‘ഗ്ലോറിഫൈഡ് കൊടി സുനി ‘ മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോള്‍ സന്തോഷം തോന്നുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്ന്.

അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് നിങ്ങള്‍ക്ക് മേല്‍. വിധവയാക്കപ്പെട്ട ഭാര്യമാര്‍….മക്കളെ നഷ്ടപെട്ട അമ്മമാര്‍…. അവരുടെയൊക്കെയും കണ്ണുനീരാണ് ഇന്ന് നിങ്ങളെ മറ്റൊരു രൂപത്തില്‍ വേട്ടയാടുന്നതെന്നും സുധാകരന്‍ പറഞ്ഞു. താങ്കളുടെ ചീഞ്ഞുനാറിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കഥ പിന്നീടൊരിക്കല്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍, രാജ്യദ്രോഹകുറ്റാരോപണ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന് മറുപടി തന്നേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading