KERALA
ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ .കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നു പ്രസംഗം

കോഴിക്കോട്: ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിലാണ് മേയര്‍ പങ്കെടുത്തത്. പരിപാടി ഉദ്ഘാടനം ചെയ്ത മേയര്‍ കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും അഭിപ്രായപ്പെട്ടു.
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഐഎം ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഉദ്ഘാടകയായി എത്തിയത്. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയ മേയര്‍ പുരാണ കഥാപാത്രങ്ങളെപ്പറ്റി പ്രസംഗത്തില്‍ പലതവണ സൂചിപ്പിച്ചു.
എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണണം എന്ന് മേയര്‍ പറഞ്ഞു. അയല്‍വക്കത്തുള്ള കുട്ടിക്ക് കുറച്ചുഭക്ഷണം കൊടുത്തിട്ട് നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ ഭക്ഷണം കൊടുക്കാറാണ് കേരളത്തിലെ പതിവ്. ഉത്തരേന്ത്യയില്‍ ആ പതിവ് ഇല്ല. അവിടെ ഏത് വീട്ടിലെ കുട്ടിയെയും ഒരുപോലെ സ്‌നേഹിക്കും. പക്ഷേ, കേരളീയര്‍ കുട്ടികളുടെ കാര്യത്തില്‍ സ്വാര്‍ത്ഥരാണെന്ന് ബീന ഫിലിപ്പ് പറഞ്ഞു.