NATIONAL
എണ്ണവില കുത്തനെ കുറയും പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നഷ്ടം നികത്താൻ 20,000 കോടി കൈമാറാൻ കേന്ദ്രം

കൊച്ചി : രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നഷ്ടം നികത്താൻ 20,000 കോടി കൈമാറാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ലഭ്യമായ വിവരം അനുസരിച്ച് ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തു എന്നാണ് അറിയുന്നത്. നഷ്ടപരിഹാരമായി 28,000 കോടി രൂപയാണ് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടതെങ്കിലും ഇത് അപ്പാടെ അംഗീകരിക്കാൻ ധനമന്ത്രാലയം തയ്യാറായില്ല. ഈ തുക സർക്കാർ കൈമാറിയാൽ രാജ്യത്ത് എണ്ണവില കുത്തനെ കുറയാൻ കളമൊരുങ്ങും.
ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ 90 ശതമാനത്തിലധികം വിതരണം ചെയ്യുന്ന മൂന്ന് വലിയ പൊതുമേഖലാ എണ്ണക്കമ്പനികളാണ്. യുക്രെയിനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ നഷ്ടം സഹിച്ചും ഇന്ത്യയിൽ വില വർദ്ധിപ്പിക്കാതെ എണ്ണ വിതരണം ചെയ്തതിനാൽ വൻ നഷ്ടത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രവർത്തിക്കുന്നത്. സർക്കാരിൽ നിന്നും തുക കിട്ടുന്നതോടെ കമ്പനികളുടെ നഷ്ടം നികത്താനാവുമെന്നാണ് പ്രതീക്ഷ.